സ്വർണക്കടത്ത്: നടി രന്യ റാവുവിന് 102 കോടിയുടെ പിഴ, ഒരുകിലോ കടത്തുമ്പോൾ കമ്മിഷൻ ഒരുലക്ഷം

Wednesday 03 September 2025 7:44 AM IST

ബംഗളൂരു: വസ്ത്രത്തിലും ബെൽറ്റിലും ഒളിപ്പിച്ച് കോടികളുടെ സ്വർണം കടത്തിയ കേസിൽ പിടിയിലായ നടി രന്യ റാവുവിന് 102 കോടി രൂപ പിഴചുമത്തി റവന്യൂ ഇന്റലിജൻസ്. കേസിലെ മുഖ്യപ്രതിയാണ് ഡിജിപി രാമചന്ദ്രറാവുവിന്റെ വളർത്തുമകളായ രന്യ റാവു. ഇവർക്കൊപ്പം മറ്റുമൂന്നുപേർക്കും പിഴ ചുമത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മാർച്ചിലാണ് 12.56 കോടിരൂപയുടെ സ്വർണവുമായി രന്യ പിടിയിലാവുന്നത്. വിമാനത്താവളത്തിൽ പൊലീസ് അകമ്പടിയോടെ സുരക്ഷാപരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിൽ നിന്നടക്കം സ്വർണം ലഭിച്ചത്. രന്യയുടെ വീട്ടിൽനിന്ന് 2.06 കോടിയുടെ കറൻസികളും 2.67 കോടിയുടെ സ്വർണവും പിടിച്ചെടുത്തിരുന്നു.

സ്വർണക്കടത്തുകാരിയായി പ്രവർത്തിച്ചിരുന്ന രന്യ ഒരുവർഷത്തിനിടെ മുപ്പതുതവണയാണ് ദുബായിലേക്ക് പോയത്. ഇതെല്ലാം സ്വർണം കടത്താൻ വേണ്ടിയായിരുന്നു. ഒരുകിലോ സ്വർണം കടത്തുമ്പോൾ ഒരുലക്ഷം രൂപയാണ് കമ്മിഷനായി ലഭിച്ചിരുന്നത്. ഓരോയാത്രയിലും ഇങ്ങനെ ലക്ഷങ്ങൾ രന്യയ്ക്ക് പ്രതിഫലമായി ലഭിച്ചിരുന്നു. ഡിജിപിയുടെ വളർത്തുമകളെന്ന സ്വാധീനവും പൊലീസ് സുരക്ഷയും ഉപയോഗപ്പെടുത്തി പരിശോധന ഇല്ലാതെ വിമാനത്താവളത്തിന് പുറത്തുകടക്കാനാവുന്നത് കടത്ത് എളുപ്പമുള്ളതാക്കി.

ആദ്യഭാര്യ അപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് രാമചന്ദ്രറാവു ചിക്കമംഗളൂരു സ്വദേശിനിയെ പുനർവിവാഹം ചെയ്തത്. ഇവരുടെ മകളാണ് രന്യ. വൻ വിജയമായ മാണിക്യ എന്ന ചിത്രത്തിലൂടെയാണ് രന്യ സിനിമയിലെത്തുന്നത്. തുടർന്ന് തമിഴ് സിനിമയായ വാഗ, കന്നഡയിലെ പട്ടാക്കി എന്നിവയിൽ അഭിനയിച്ചിരുന്നു. പക്ഷേ, പിന്നീട് സിനിമാരംഗത്ത് അധികം സജീവമായിരുന്നില്ല. അപ്പോഴാണ് സ്വർണക്കടത്തിലേക്ക് തിരിഞ്ഞത്.