തിരുവാേണസമ്മാനമായി ആ പ്രഖ്യാപനം ഉണ്ടാകുമോ? നിർണായക യോഗം ഇന്നും നാളെയും

Wednesday 03 September 2025 9:23 AM IST

ന്യൂഡൽഹി: ജിഎസ്‌ടി കൗൺസിലിന്റെ രണ്ടുദിവസത്തെ നിർണായക യോഗം ഇന്ന് ഡൽഹയിൽ ആരംഭിക്കും. ജിഎസ്‌ടി സ്ലാബുകൾ വെട്ടിക്കുറയ്ക്കുന്നതടക്കമുളള വമ്പൻ തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാവുമെന്നാണ് കരുതുന്നത്. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ നിരവധി ഉല്പന്നങ്ങളുടെ ജിഎസ്‌ടി കുറയ്ക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മെഡിക്കൽ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനുമുളള ജിഎസ്‌ടി എടുത്തുകളയണമെന്ന നിർദ്ദേശവും യോഗം പരിഗണിക്കും. എന്നാൽ സ്ലാബുകൾ കുറയ്ക്കുന്നത് തങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയേക്കുമെന്ന ആശങ്കയിലാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ.

സ്ലാബുകൾ പരിഷ്കരിക്കുന്നതിലൂടെ 90 ശതമാനം നിത്യോപയോഗ സാധനങ്ങൾക്കും വിലകുറയുമെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ സാധാരണക്കാർക്ക് വൻ നേട്ടമായിരിക്കും ഉണ്ടാവുന്നത്. യോഗത്തിനുശേഷം ധനമന്ത്രി നിർമല സീതാരാൻ നാളെ വൈകിട്ടുതന്നെ തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കും എന്നാണ് അറിയുന്നത്. വമ്പൻ ദീപാവലി സമ്മാനം ഉണ്ടാകുമെന്ന് കേന്ദ്രം നേരത്തേ പ്രഖ്യാപിച്ചതിനാൽ ഈ മാസംതന്നെ പുതുക്കിയ സ്ലാബുകൾ പ്രാബല്യത്തിൽ വരും. എങ്കിൽ മാത്രമേ ദീപാവലി വിപണിയിൽ വിലക്കുറവുണ്ടാകൂ. മാത്രമല്ല കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അധികം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇതിൽ പരമാവധി സീറ്റുകൾ ഉറപ്പിക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട്. വിലക്കുറവുപോലുള്ളവയിലൂടെ ഇത് സാധിക്കാം എന്നാണ് അവരുടെ കണക്കുകൂട്ടൽ.

എന്നാൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ കടുത്ത ആശങ്കയിലാണ്. നികുതി പരിഷ്കരത്തിലൂടെ തങ്ങളുടെ വരുമാനം കുറഞ്ഞുപോകുമോ എന്നതാണ് ആശങ്കയ്ക്ക് കാരണം. ഇതിന് പരിഹാരം ഉണ്ടാവണമെന്നും അവർ ആവശ്യപ്പെടുന്നു.