50,000ൽ അധികം സെെനികർ; ലോകത്തിന് മുന്നിൽ ശക്തി കാട്ടി ചെെന, മുഖ്യാതിഥികളായി പുട്ടിനും കിമ്മും
ബീജിംഗ്: തങ്ങളുടെ സെെനിക ശക്തിയുടെ കരുത്ത് കാട്ടി ചെെന. സെെനിക രംഗത്തെ മികവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും ആയുധങ്ങളുമുൾപ്പടെ പ്രദർശിപ്പിക്കുന്ന കൂറ്റൻ സെെനിക പരേഡാണ് ചെെന നടത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സ്മരണയ്ക്കായി നടത്തിയ സൈനിക പരേഡിൽ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എന്നിവർ മുഖ്യാതിഥികളാണ്.
ചെെനീസ് നേതാവ് ഷി ചിൻപിങ് അദ്ധ്യക്ഷത വഹിക്കുന്ന പരേഡ് ബീജിംഗിലാണ് നടക്കുന്നത്. യുഎസുമായുള്ള പ്രശ്നങ്ങൾക്കിടെ ഒരു താക്കീത് പോലെയാണ് ചെെന കൂറ്റൻ പരേഡ് നടത്തിയത്. ബീജിംഗിലെ ചരിത്ര പ്രാധാന്യമുള്ള ടിയാനൻമെൻ ചത്വരത്തിൽ 50,000ൽ അധികം സെെനികർ യൂണിഫോമിൽ പങ്കെടുത്തു. പ്രദേശിക സമയം രാവിലെ ഒൻപതിന് ആരംഭിച്ച പരേഡ് 70 മിനിട്ട് നീണ്ടുനിന്നു. റഷ്യ കൂടാതെ മ്യാന്മർ, ഇറാൻ, ക്യൂബ തുടങ്ങി 26 രാഷ്ട്രത്തലവന്മാരും പരേഡിൽ പങ്കെടുക്കുന്നുണ്ട്.
അപൂർവമായി മാത്രമാണ് ഉത്തരകൊറിയൻ നേതാവ് വിദേശ സന്ദർശനങ്ങൾ നടത്താറുള്ളത്. 2019ൽ ചൈന സന്ദർശിച്ചതും 2023ൽ റഷ്യയിലെത്തി പുട്ടിനെയും കണ്ടതുമാണ് കിം ജോങ് ഉന്നിന്റെ അവസാന വിദേശ സന്ദർശനം. പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ട്രെയിനിലാണ് കിം യാത്ര ചെയ്തത്. കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ 24 മണിക്കൂറെടുത്താണ് ബെയ്ജിങ്ങിലെത്തിയത്. സാധാരണയായി ചൈനീസ് സൈനിക പരേഡുകളിൽ പങ്കെടുക്കാൻ ഉത്തര കൊറിയ പ്രതിനിധികളെയാണ് അയക്കാറുള്ളത്. 1959നു ശേഷം ആദ്യമായാണ് ഉത്തര കൊറിയൻ രാഷ്ട്രത്തലവൻ ചൈനയിൽ സൈനിക പരേഡിന്റെ ഭാഗമാകുന്നത്.