ആർമി റിക്രൂട്ട്മെന്റ് റാലി അടുത്ത ബുധനാഴ്ച മുതൽ, അവസരം ഏഴ് ജില്ലക്കാർക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി (ആർമി) 10 മുതൽ 16 വരെ ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തും. സംസ്ഥാനത്ത് അഗ്നിവീർ വിഭാഗത്തിലും, കേന്ദ്ര-മേഖലാ വിഭാഗത്തിൽ കേരളം, കർണാടക നിന്നുമുള്ളവർക്കായി നടത്തിയ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്മാൻ (8 & 10 പാസ്) വിഭാഗങ്ങളിലേക്കുള്ള റാലിയിൽ പങ്കെടുക്കും. മത അദ്ധ്യാപകർ, കാറ്ററിംഗ് എന്നീ ജൂനിയർ കമ്മിഷൻഡ് ഓഫീസർമാർ, ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ, ഹവിൽദാർ എഡ്യൂക്കേഷൻ എന്നീ വിഭാഗങ്ങളിലേക്കുള്ള കേരളത്തിലെയും കർണാടകയിലെയും എല്ലാ ജില്ലകളിൽ നിന്നുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.
ഓൺലൈൻ പൊതുപ്രവേശന പരീക്ഷാ ഫലം www.joinindianarmy.nic.in വെബ്സൈറ്റിലുണ്ട്. പരീക്ഷയിലും റിക്രൂട്ട്‌മെന്റ് റാലിയിൽ നടത്തുന്ന ടെസ്റ്റുകളിലും ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. റിക്രൂട്ടിംഗ് ഏജന്റുമാരെന്ന വ്യാജേന സമീപിക്കുന്നവർക്ക് ഇരകളാവരുതെന്നും പ്രതിരോധ വക്താവ് അറിയിച്ചു.