റോബിൻ ബസ് തമിഴ്‌നാട് ആർടിഒ കസ്റ്റഡിയിൽ; കോടതിയെ സമീപിക്കുമെന്ന് ഉടമ
കോയമ്പത്തൂർ: നിയമലംഘനങ്ങൾ ആരോപിച്ച് പലതവണ നടപടി നേരിട്ട റോബിൻ ബസ് വീണ്ടും പിടിയിൽ. ഇത്തവണ തമിഴ്‌നാട് ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. റോഡ് ടാക്‌സ് അടയ്‌ക്കാത്തതിനെത്തുടർന്നാണ് നടപടി. എന്നാൽ, ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെന്നാണ് ബസ് ഉടമയായ ഗിരീഷ് പറയുന്നത്.
കോയമ്പത്തൂരിൽ വച്ചാണ് ബസ് തമിഴ്‌നാട് മോട്ടോർവാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തത്. തമിഴ്‌നാട് റോഡ് നികുതി അടയ്‌ക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നതെന്നാണ് ഗിരീഷിന്റെ വാദം. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൂഡല്ലൂരിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ ഓൾ ഇന്ത്യാ പെർമിറ്റുള്ള സ്വകാര്യബസിനെ നേരത്തേ തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ആഴ്‌ചകളായി ബസ് അധികൃതരുടെ കസ്റ്റഡിയിലാണ്. റൂട്ട് പെർമിറ്റ് ലംഘിച്ചു എന്ന് കാട്ടിയായിരുന്നു നടപടി. ആദ്യം ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ യാത്രക്കാരായി ടിക്കറ്റെടുത്ത് ബസിൽ കയറി. ഇടയ്ക്കുവച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ കയറുകയായിരുന്നു. ഇവരോട് ബസ് സമാന്തര സർവീസാണ് നടത്തുന്നതെന്ന് തെളിവുസഹിതം ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ജീവനക്കാർ മൊഴി കൊടുക്കുകയായിരുന്നു. തെളിവ് ലഭിച്ചതോടെ ബസ് കസ്റ്റഡിയിലെടുത്തു.