പായസം കഴിഞ്ഞ് വീണ്ടും ചോറ് വിളമ്പുന്നതിന്റെ കാരണം, തിരുവോണസദ്യ ഉണ്ണുന്നതിന് മുൻപ് അറിഞ്ഞിക്കണം ഈ ചിട്ടകൾ
ഓണം ഇതാ മുറ്റത്തെത്തി. ഓണത്തിന് ഏറ്റവും പ്രധാന ഘടകമാണ് ഓണസദ്യ. സദ്യ വിളമ്പുന്ന മുറയ്ക്ക് ചുമ്മാ കഴിക്കുന്നവരാണ് പലരും. എന്നാൽ ശരിക്കും സദ്യ കഴിക്കാൻ ഒരു രീതിയുണ്ട്. അത് പലർക്കും അറിയില്ല. തോന്നിയപടി വാരിവലിച്ച് കഴിക്കാനുള്ളതല്ല സദ്യ. അതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. സദ്യയിൽ ആദ്യം തന്നെ കഴിക്കേണ്ടത് ശർക്കരവരട്ടിയും കായവറുത്തതുമാണ്. ശർക്കരവരട്ടിയിലെ മധുരം നാവിലെ എല്ലാ രസമുകുളങ്ങളെയും ഉണർത്തും. ചുക്കുപൊടിയും ഉപ്പും ദഹനേന്ദ്രിയങ്ങളെയും കൂടി ഉണർത്തും.
അടുത്തത് ചോറിലേക്ക് കടക്കാം. നെയ്യും പരിപ്പും കൂട്ടിയാണ് ആദ്യം ചോറ് കഴിക്കേണ്ടത്. എരിവ് കുറഞ്ഞ പരിപ്പ് കറിയ്‌ക്കൊപ്പം എരിവ് കൂടിയ കൂട്ടികറിയോ അവിയലോ തോരനോ വേണം ചേർത്ത് കഴിക്കാൻ. എരിവ് കൂടിയ സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തെെര് ചേർത്ത കിച്ചടികളും. ഈ എരിവിന് ആശ്വാസമായി വേണം പായസം കുടിക്കാൻ. പായത്തിന്റെ മധുരം കുറയ്ക്കാൻ നാരങ്ങാ അച്ചാർ തൊട്ടു കൂട്ടാം. പായസം കുടിച്ചുകഴിഞ്ഞാൽ പുളിശ്ശേരിയിലേക്ക് കടക്കാം.
പുളിശ്ശേരിക്കൊപ്പം വേണം മാങ്ങ അച്ചാർ കഴിക്കാൻ. ദഹനത്തിനായി ഓലനും കഴിക്കാം. ഇനി രസവും അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കണം. ഏറ്റവും ഒടുവിലായി പച്ചമോരും കുടിക്കാം. പായസം കഴിഞ്ഞാൽ മോര് കൂട്ടി വീണ്ടും ചോറ് കഴിക്കാം. ദഹനം ശരിയായി നടത്താനും മധുരത്തിന്റെ ആലസ്യം കുറയ്ക്കാനും ഇത് നല്ലതാണ്.