മധുരം നുകർന്ന് പായസ വിപണി

Thursday 04 September 2025 12:47 AM IST

കോട്ടയം : ഓണമെന്ന് കേട്ടാൽ ആദ്യം നാവിലൂറുന്നത് പായസത്തിന്റെ രുചിയാണ്. വിഭവസമൃദ്ധമായ ഓണസദ്യയിൽ പായസം മലയാളിയ്ക്ക് ഒഴിച്ചുകൂടാനാവില്ല. ഓണം അടുത്തതോടെ മധുരം പകർന്ന് ജില്ലയുടെ വിവിധയിടങ്ങളിൽ പായസമേളകളും സജീവമായി. റെഡിമെയ്ഡ് പായസം, പായസം മേളകൾ എന്നിങ്ങനെയുള്ള ബോർഡുകൾ ഹോട്ടലുകളുടെ മുന്നിലും,​ വഴിവക്കിലും അണിനിരന്നു. വിവിധ സംഘടനകളുടെ നേൃത്വത്തിലും പായസമേള ആരംഭിച്ചിട്ടുണ്ട്. ആകർഷകമായ വിലക്കുറവാണ് പലയിടത്തും. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഓണാഘോഷത്തിന്റെ ഭാഗമായി പായസം വാങ്ങാൻ നിരവധിപ്പേർ എത്തിയിരുന്നു. പാലട, അടപ്രഥമൻ എന്നിവയ്ക്കാണ് പ്രിയമേറെ. ഉത്രാട നാളായ ഇന്ന് മുതൽ പരിപ്പ്, സേമിയ, ചെറുപയർ, കടല എന്നിവയ്ക്കും ആവശ്യക്കാർ ഏറും. കോട്ടയത്തും പ്രസിദ്ധമായ ബോളി പായസത്തിനും, മുളയരി പായസത്തിനും ഡിമാൻഡേറെയാണ്. കൂടുതൽ എടുക്കുന്നവർക്കും ബുക്ക് ചെയ്യുന്നവർക്കും ഓഫറുകളുമുണ്ട്.

വില ഇങ്ങനെ (ലിറ്ററിന്)

പാലട പ്രഥമൻ : 400 അടപ്രഥമൻ : 400 പാൽപ്പായസം : 400 ഏത്തയ്ക്കാ പായസം : 400 പഴം പായസം : 400 പരിപ്പ് പായസം : 400

''ക്വാളിറ്റിയ്ക്കാണ് ഡിമാൻഡ്. പായസം വാങ്ങാൻ തിരക്കേറി. സ്ഥിരം കസ്റ്റമേഴ്‌സുണ്ട്. തിരുവോണം, അവിട്ടം ദിവസങ്ങളിൽ പായസം ലഭ്യമാണ്.

(പ്രദീപ് കോട്ടയം വൈറ്റ് ഹൗസ്)