ചെന്നൈ വിമാനത്താവളത്തിൽ 60 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

Wednesday 03 September 2025 6:50 PM IST

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 5.618 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തു, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് കൊക്കെയ്ൻ പിടികൂടിയത്. രാജ്യാന്തര വിപണിയിൽ ഇതിന് 60 കോടിയോളം വിലവരും. ആഡിസ് അബാബയിൽ നിന്നുള്ള എത്യോപ്യൻ എയർലൈൻസ് വിമാനത്തിലാണ് ഈ ചരക്ക് കൊണ്ടുവന്നത്.

കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതിന് ഉത്തരാഖണ്ഡിലെ ബാഗേശ്വർ സ്വദേശിയായ 25കാരനും ഹിമാചൽ പ്രദേശിലെ ചമ്പ സ്വദേശി 26കാരനുമാണ് അറസ്റ്റിലായത്. പ്രതികൾ ഇരുവരും ലഗേജിൽ ഒളിപ്പിച്ചാണ് നിരോധിത കൊക്കെയ്ൻ കടത്തിയത്. പിടിച്ചെടുത്ത കൊക്കെയ്ൻ ഉയർന്ന ഗ്രേഡിലുള്ളതാണെന്നും ഇത് ഒരു ഗ്രാം വീതമുള്ള പാക്കറ്റുകളിലാക്കി വിൽക്കുന്നുണ്ടെന്നും എൻ.സി.ബി പറഞ്ഞു.

ഇന്ത്യയിൽ, ഗ്രാമിന് 8,000 മുതൽ 12,000 രൂപ വരെയാണ് ഇതിന്റെ വില, മായം ചേർക്കലിന്റെ അളവിനെ ആശ്രയിച്ച് വിലയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. കൊക്കെയ്ൻ പിടിച്ചെടുത്തത് വഴി ഇന്ത്യൻ റീട്ടെയിൽ വിപണിയിൽ എത്തുന്നതിനുമുമ്പ് മയക്കുമരുന്നിന്റെ വൻ ശേഖരമാണ് തടഞ്ഞത്.

ആഗസ്റ്റ് 31 ന്, ഡൽഹി പൊലീസ് ഉത്തം നഗറിൽ നിന്ന് 248 ഗ്രാം കൊക്കെയ്നുമായി രണ്ട് നൈജീരിയൻ പൗരന്മാരെ പിടികൂടിയിരുന്നു.