അയ്യപ്പസംഗമത്തിന് ഒരുങ്ങുമ്പോൾ
ആഗോള അയ്യപ്പസംഗമം ഈ മാസം ഇരുപതിന് ശബരിമലയിൽ പമ്പാ മണപ്പുറത്ത് നടത്താൻ സർക്കാരും ദേവസ്വം ബോർഡും തീരുമാനിച്ചതിന് പിന്നാലെ വിവാദങ്ങളും മുറുകി. ശബരിമല വികസനത്തിന് വേണ്ട വിവിധതരം പദ്ധതികൾ അവതരിപ്പിച്ച് അതു നടപ്പാക്കാൻ ലോകമെങ്ങും നിന്ന് സ്പോൺസർമാരെ കണ്ടെത്തുക എന്നതാണ് അയ്യപ്പ സംഗമത്തിന്റെ പ്രധാന ഉദ്ദേശം. അതുകൊണ്ട് സംഗമം നല്ലതിനു തന്നെയെന്നാണ് പൊതുവെയുള്ള അഭിപ്രായം. പക്ഷെ, സംഗമം നടത്താൻ തീരുമാനിച്ച സമയവും അതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും പ്രതിപക്ഷ കക്ഷികളും സംഘപരിവാർ സംഘടനകളും ഉയർത്തിക്കൊണ്ടുവരികയാണ്.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് ആറ് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാനാണ് സർക്കാർ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പിൻമാറിയതിനാൽ, ആന്ധ്ര ഉപ മുഖ്യമന്ത്രി പവൻ കല്യാണിനെ മുഖ്യാതിഥിയാക്കാനാണ് ആലോചന. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, അശ്വനി വൈഷ്ണവ്, പീയുഷ് ഗോയൽ, ഗജേന്ദ്രസിംഗ് ഷെഖാവത്ത്, സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരെയാണ് ക്ഷണിക്കുന്നത്. സാമുദായിക സംഘടനകളെയും, ശബരിമലയുമായി ബന്ധമുള്ള മലയ, അരയ വിഭാഗങ്ങളെയും ക്ഷണിക്കും. അഞ്ഞൂറ് പ്രതിനിധികൾക്കുള്ള താമസ സൗകര്യം പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ക്രമീകരിക്കും.
എല്ലാ വർഷവും ശബരിമല ദർശനം നടത്തുന്ന മലേഷ്യൻ ഭക്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ദർശനത്തിനെത്തുന്ന ഭക്തരുടെ സംഗമമെന്ന ആശയം മുന്നോട്ടു വച്ചത്. ദേവസ്വം മന്ത്രി വി.എൻ വാസവനുമായി പ്രസിഡന്റ് നടത്തിയ ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അനുമതിയോടെ അയ്യപ്പ സംഗമത്തിന് തീരുമാനിക്കുകയായിരുന്നു. ശബരിമല വികസനത്തിനുള്ള മാസ്റ്റർ പ്ളാൻ ചർച്ചയാണ് സംഗമത്തിലെ പ്രധാന അജൻഡ. ഉദ്ഘാടന സഭ, മാസ്റ്റർ പ്ളാൻ ചർച്ച, സ്പോൺസറെ തേടൽ, ഗതാഗത വിഷയങ്ങൾ, ആത്മീയ, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവയാണ് സംഗമത്തിലെ പരിപാടികൾ.
രാഷ്ട്രീയവും
വിശ്വാസവും വീണ്ടും
അയ്യപ്പസംഗമത്തെ എസ്.എൻ.ഡി.പി യോഗവും എൻ. എസ്.എസും പിന്തുണയ്ക്കുന്നു. പ്രതിനിധികളെ അയക്കുമെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. സർക്കാരിനും ദേവസ്വം ബോർഡിനും ഇത് ആശ്വാസം പകർന്നിട്ടുണ്ട്. സംഗമത്തിനെതിരെ രംഗത്തുള്ളത് ബി.ജെ.പിയും മറ്റ് സംഘപരിവാർ സംഘടനകളും ശബരിമലയുടെ കാര്യത്തിൽ അവകാശ അധികാരങ്ങളുള്ള പന്തളം കൊട്ടാരത്തിന്റെ നിയന്ത്രണത്തിലുള്ള പന്തളം കൊട്ടാരം നിർവാഹക സംഘവുമാണ്. അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും എതിർപ്പുകൾക്കും ന്യായമുണ്ട്. ശബരിമലയിൽ യുവതികൾക്കും ദർശനം ആകാമെന്ന സുപ്രീംകോടതി വിധി വേണ്ട ചർച്ചകൾ നടത്താതെ മുൻവിധിയോടു കൂടി നടപ്പാക്കാൻ ധൃതി കാണിച്ച ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായ കോലാഹലങ്ങളും സംഘർഷങ്ങളും ആരും മറന്നിട്ടില്ല. ബിന്ദു അമ്മിണിയെപ്പോലുള്ള വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകളെ സർക്കാർ പൊലീസ് സംരക്ഷണയിൽ ശബരിമല സന്നിധാനത്തും തിരിച്ചു പമ്പയിലും എത്തിച്ചത് ആചാര ലംഘനത്തിന്റെ പേരിൽ വലിയ പ്രക്ഷോഭങ്ങൾക്കാണ് വഴിമരുന്നിട്ടത്. മലയാളികൾ ഉള്ളിടത്തെല്ലാം ശബരിമലയിലെ ആചാര, വിശ്വാസങ്ങൾ സംരക്ഷിക്കാനായി നാമജപങ്ങളും ധർണകളും നടന്നു. പമ്പ മുതൽ സന്നിധാനം വരെ വിശ്വാസികൾ ആചാര സംരക്ഷണത്തിനായി പ്രതിരോധം തീർത്തു. പൊലീസിനെ ഉപയോഗിച്ചാണ് സർക്കാർ സമരക്കാരെ അടിച്ചമർത്തിയത്. ലാത്തിച്ചാർജുകൾ വ്യാപകമായി നടന്നു. നിരപരാധികളായ നാമജപക്കാർക്കെതിരെ അക്രമത്തിന് കേസുകളെടുത്തു. റാന്നിയിൽ സമാധാനപരമായി നാമജപം നടത്തിക്കൊണ്ടിരുന്നവർ അതേസമയത്ത് പത്തനംതിട്ടയിൽ ബസുകൾക്കു നേരെ കല്ലെറിഞ്ഞെന്നും പമ്പയിൽ പൊലീസിനെ ആക്രമിച്ചെന്നും കേസുകളെടുത്തു. അവർ ഇപ്പോഴും പൊലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട് അക്രമം നടത്തിയെന്ന പേരിൽ നിരവധി കേസുകളുള്ള യുവാക്കൾക്ക് ജോലികൾ ലഭിക്കാതായി. വിദേശങ്ങളിൽ പോകുന്നതിന് പാസ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഇത്തരം കേസുകൾ കൂടുതലും ഹിന്ദുസംഘടനകളിൽ പ്രവർത്തിക്കുന്നവർക്കെതിരായാണുള്ളത്. കേസുകൾ പിൻവൻലിക്കുകയും യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുകയും ചെയ്ത ശേഷം വേണം അയ്യപ്പസംഗമം നടത്താനെന്നാണ് സംഘപരിവാർ ആവശ്യപ്പെടുന്നത്.
പന്തളം കൊട്ടാരവും ഏകദേശം ഈ ആവശ്യങ്ങൾ തന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. അയ്യപ്പസംഗമത്തിന് ബദലായി ഇരുപത്തിരണ്ടിന് പന്തളത്ത് വിശ്വാസ സംഗമം നടത്താനുള്ള നീക്കത്തിലാണ് സംഘപരിവാർ.
സർക്കാരിന്റെ സമയം
മറ്റൊരു വിവാദം അയ്യപ്പസംഗമം നടത്താൻ തിരഞ്ഞെടുത്ത സമയമാണ്. വരുന്ന നവംബറിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പും അതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാൻ പോവുകയാണ്. യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നടപടികൾ എടുത്തതിന് പിന്നാലെയുണ്ടായ വൻ ജനരോഷം 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് കാരണമായി. തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ജനരോഷം ഇല്ലാതാക്കാൻ ഒന്നാം പിണറായി സർക്കാരിനു കഴിഞ്ഞത് കൊവിഡ് പ്രതിരോധ നടപടികളും ജനക്ഷേമ പദ്ധതികളും ഉപയോഗിച്ചാണ്. അതുകൊണ്ട് ഭരണത്തുടർച്ച ലഭിക്കുകയും ചെയ്തു. കഴിഞ്ഞവർഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ നേട്ടം തുടരാനായില്ല. ഇപ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ പിടിപ്പുകേടുകൾ കാരണം വീണ്ടും ജനരോഷം ഉയർന്ന പശ്ചാത്തലത്തിലാണ് ശബരിമലയിൽ അയ്യപ്പസംഗമം എന്ന പരിപാടിയുമായി സർക്കാർ രംഗത്തുവന്നത്. എതിർപ്പുകൾ ഉയർന്നപ്പോൾ സംഗമം നടത്തുന്നത് ദേവസ്വം ബോർഡാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ പിന്നണിയിലേക്ക് മാറി. സംഗമത്തെ അനുകൂലിച്ചും എതിർത്തും വിവാദങ്ങൾ മുന്നേറുമ്പോൾ ശബരിമലയുടെ വികസനം അവഗണിക്കപ്പെടരുതെന്നാണ് പൊതുവിലുള്ള ആവശ്യം.