ഇത് വിദേശ നയമല്ല, ഹിന്ദുവിരോധം ആയുധമാക്കിയുള്ള പരാമർശം,നവാരോയ്‌ക്കെതിരെ അമേരിക്കൻ ഹൈന്ദവ സംഘടന

Wednesday 03 September 2025 7:39 PM IST

വാഷിംഗ്‌ടൺ: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച പീറ്റർ നവാരോയ്‌ക്കെതിരെ അമേരിക്കയിലെ ഹിന്ദു സംഘടന. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ വിമർശിച്ച് വൈറ്റ്‌ഹൗസ് വ്യാപാര ഉപദേഷ്‌ടാവായ പീറ്റർ നവാരോ പറഞ്ഞത് ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്‌മണ‌ർ ലാഭം കൊയ്യുകയാണ് അത് നിർത്തണം എന്നായിരുന്നു. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് അമേരിക്കൻ ഹിന്ദു സംഘടനയായ ഹിന്ദൂസ് എഗെയ്‌ൻസ്‌റ്റ് ഡിഫമേഷൻ (എഎച്ച്എ‌ഡി).

ട്രംപിന്റെ സംഘത്തിൽ നിന്ന് നവാരോയെ നീക്കണം എന്നാണ് എഎച്ച്എഡി ആവശ്യപ്പെടുന്നത്. നവാരോയുടെ പരാമർശങ്ങൾ അനുചിതവും ഹിന്ദു വിരുദ്ധവുമാണ് എന്നാണ് സംഘടന പ്രതികരിച്ചത്. മോദി ഒരു പുണ്യ പ്രാർത്ഥനയിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന തരത്തിലുള്ള നവാരോയുടെ ചിത്രീകരണത്തെയും സംഘടന എതിർത്തു. രണ്ട് വലിയ രാജ്യങ്ങൾ തമ്മിലെ അടിസ്ഥാനപരമായ ബന്ധത്തിന് ഭീഷണിയാകുന്ന അവിവേകമാണ് പീറ്റ‌ർ നവാരോയുടെ പ്രതികരണമെന്നും ഇന്ത്യയിലെ ഹിന്ദുക്കളുടെ അന്തസിനെ ഇത്തരം പരാമർശം അപകടത്തിലാക്കുന്നുവെന്നും എ‌എച്ച്‌എഡി വ്യക്തമാക്കുന്നു.

പീറ്റർ നവാരോയുടെ പരാമർശം ഒരു വിമർശനമല്ല അത് ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനും ഇന്ത്യയെ സഹജമായ അനീതിയുടെ നാടായി ചിത്രീകരിക്കാനുമുള്ള കോളോണിയൽ മാതൃക ആഖ്യാനം ആയിരുന്നെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

പീറ്റർ നവാരോയുടെ പരാമർശം ഹിന്ദു വിരോധം ആയുധമാക്കിയുള്ളതാണെന്ന് ഹിന്ദു പാക്‌ട് എക്‌സിക്യൂട്ടീവ് ചെയർമാൻ അജയ് ഷാ അഭിപ്രായപ്പെട്ടു. ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്ന ഇത്തരം കൊളോണിയൽ തിരക്കഥകളിലൂടെ ബന്ധങ്ങൾ കെട്ടിപ്പടുക്കുകയല്ല മറിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അജയ് ഷാ വിമർശിച്ചു. കുറഞ്ഞ വിലയ്‌ക്ക് എണ്ണവാങ്ങി യുക്രെയ്‌നെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ പരോക്ഷമായ ധനസഹായം നൽകുന്നെന്നാണ് നവാരോ ആദ്യം വിമർശിച്ചത്. ശേഷമാണ് ഇന്ത്യക്കാരുടെ ചെലവിൽ ബ്രാഹ്‌മണർ ലാഭമുണ്ടാക്കുന്നു എന്നതരം പരാമർശവും നടത്തിയത്.