മലയോരത്തെ വിടാതെ മഴ വ്യാപക നാശം റോഡുകളിലും പാലങ്ങളിലും വെള്ളം കയറി
കൊട്ടിയൂർ: കനത്ത മഴയിൽ വിറങ്ങലിച്ച് ജില്ലയുടെ മലയോരമേഖല.റോഡുകളും പാലങ്ങളുമടക്കം മുങ്ങി. ബാവലിപ്പുഴ കരകവിഞ്ഞാണ് ചെറുപാലങ്ങളും റോഡും വെള്ളത്തിലായത്. കൊട്ടിയൂർ പഞ്ചായത്തിലെ പാമ്പറപ്പാൻ പാലത്തിലൂടെ വെള്ളം കരകവിഞ്ഞൊഴുകി.മണത്തണ അമ്പായത്തോട് മലയോര ഹൈവേയിൽ വെങ്ങലോടി ഭാഗത്ത് റോഡിൽ വെള്ളം കെട്ടി നിന്ന് വാഹനയാത്ര ദുഷ്കരമായി. കണിച്ചാർ പഞ്ചായത്തിലെ സെന്റ് ജോർജ് പള്ളി റോഡിലേക്ക് കടക്കുന്ന ചെറുപാലത്തിന് മുകളിൽ വെള്ളം കയറി യാത്ര ദുഷ്കരമായി. ഉച്ചകഴിഞ്ഞാണ് മഴയ്ക്ക് ശമനമുണ്ടായത്.
കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം -തൊണ്ടിയിൽ റോഡിൽ കിഴക്കേമാവടിയിലെ വാക്കയിൽ ഫിൻസിന്റെ വീട്ടുമതിൽ ഭാഗികമായി തകർന്നു.
കണിച്ചാറിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
കണിച്ചാർ: കനത്ത മഴയിൽ കണിച്ചാർ പഞ്ചായത്തിലെ നെല്ലിക്കുന്ന് കാക്കര മറ്റം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിനെ തുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു.കഴിഞ്ഞവർഷം പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി റോഡ് നവീകരിച്ചിരുന്നു. സംരക്ഷണഭിത്തി ഇടിഞ്ഞതിന്റെ എതിർ ഭാഗത്ത് ഒരു വൈദ്യുതതൂൺ ഉള്ളതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്.
റോഡ് നവീകരണത്തിനായി പഞ്ചായത്ത് 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണതോടെ ഇനിയും കൂടുതൽ തുക കണ്ടെത്തേണ്ടതുണ്ട്. വൈദ്യുത തൂൺ മാറ്റി സ്ഥാപിക്കാൻ അധികൃതർ മുൻകൈയെടുത്താലേ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ കഴിയൂ. - ആന്റണി സെബാസ്റ്റ്യൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ്.
കിണർ ഇടിഞ്ഞുതാണു
കൊട്ടിയൂർ: കൊട്ടിയൂർ അമ്പലക്കുന്നിലെ നെല്ലിരിക്കുംകാലായിൽ സുനിലിന്റെ കിണർ ഇടിഞ്ഞുതാണപ.ഇന്നലെ പുലർച്ചെയാണ് കിണർ ഇടിയുന്ന ശബ്ദം കേട്ടതെന്ന് സുനിൽ പറഞ്ഞു. ആൾമറയും കരയിലിരുന്ന മോട്ടറും കിണറ്റിലകപ്പെട്ടു.കിണർ ഇടിഞ്ഞത് വീടിനും ഭീഷണിയായിട്ടുണ്ട്.സംഭവ സ്ഥലം വാർഡ് മെമ്പർ ജോണി ആമക്കാട്ട് സന്ദർശിച്ചു.