ക്ഷേത്ര ജീവനക്കാർക്ക് ഉത്സവബത്ത അനുവദിച്ച് മലബാർ ദേവസ്വം ബോർഡ്

Wednesday 03 September 2025 9:37 PM IST

സ്ഥിരം ജീവനക്കാർക്ക് ₹7000 താൽക്കാലികക്കാർക്ക് പരമാവധി 3500

കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് ഉത്സവബത്തയായി ഏഴായിരം വീതവും താൽക്കാലിക ജീവനക്കാർക്ക് പരമാവധി 3,500 രൂപയും അനുവദിക്കും. ഉത്സവബത്ത നൽകാൻ മതിയായ വരുമാനം ഇല്ലാത്ത ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് കൂടി ആനുകൂല്യം ലഭ്യമാക്കും.

ക്ഷേത്ര ജീവനക്കാർക്ക് മലബാർ ദേവസ്വം മാനേജ്‌മെന്റ് ഫണ്ടിൽനിന്ന് അനുവദിക്കാൻ ബാക്കിയുള്ള ശമ്പളം പരമാവധി കൊടുത്തുതീർക്കാൻ ഗ്രാന്റ് ഇൻ എയ്ഡിൽ രണ്ടാം ഗഡുവായി 5,22,93,600 രൂപ സർക്കാർ അനുവദിച്ചിരുന്നു. ശമ്പള കുടിശ്ശികക്ക് പുറമെ ഉത്സവബത്ത അനുവദിക്കാൻ ദേവസ്വം ബോർഡിന്റെ പ്രത്യേക യോഗം ചേർന്ന് തനത് ഫണ്ടിൽനിന്ന് അഞ്ചു കോടി രൂപ കൂടി അനുവദിക്കുകയായിരുന്നു.

മലബാർ ദേവസ്വം ബോർഡ് മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഡി.എ സർക്കാർ ജീവനക്കാരുടേതിന് സമാനമായി പതിനഞ്ചിൽ നിന്ന് 18 ശതമാനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സൂപ്പർ ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാർക്കുളള ഡി.എയും ഇതേ നിരക്കിൽ വർധിപ്പിച്ചു. ഒന്ന് മുതൽ നാല് വരെ ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ഡി.എ 19 ശതമാനത്തിൽനിന്ന് 23 ആയും ഉയർത്തി. മലബാർ ദേവസ്വം ബോർഡിൽനിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാർക്കും എക്സിക്യൂട്ടീവ് ഓഫീസർമാർക്കുമുള്ള ഉത്സവബത്ത 1500ൽനിന്ന് 1750 രൂപയായും വർധിപ്പിച്ചിട്ടുണ്ട്.

ദേവസ്വം ബോർഡിന്റെ പ്രത്യേക യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ജനാർദനൻ, പി.കെ.മധുസൂദനൻ, മെമ്പർമാരായ എ.രാമസ്വാമി, ടി.എൻ.കെ ശശീന്ദ്രൻ, കെ.സുധാകുമാരി, പ്രജീഷ് തിരുത്തിയിൽ, കെ.രാമചന്ദ്രൻ, കെ.എൻ. ഉദയൻ എന്നിവർ പങ്കെടുത്തു.

ഏകദേശം 7000 ക്ഷേത്ര ജീവനക്കാർക്ക് ഉത്സവബത്ത ആനുകൂല്യം ലഭിക്കും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു