കിറുകൃത്യം ലക്ഷ്യസ്ഥാനത്ത്: പാക് ഭീകരകേന്ദ്രങ്ങളെ തകർത്ത ഓപ്പറേഷൻ സിന്ദൂർ ദൗത്യം പുതിയ വീഡിയോ പുറത്തുവിട്ടു

Wednesday 03 September 2025 10:17 PM IST

ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ തകർത്ത് ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം. 19 ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ പാക് അധീന കാശ്മീരിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്. നൂറിലധികം ഭീകരരെ ഇതുവഴി വധിച്ചതായും സൈന്യം അറിയിച്ചു.

ഏപ്രിൽ 22ന് പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനികദൗത്യം നടപ്പിലാക്കിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണം, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന് സൈന്യം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉന്നതതല യോഗം, ഓപ്പറേഷൻ സിന്ദൂർ എന്നിവയും ഒടുവിൽ വെടിനിർത്തൽ വരെ ഉൾപ്പെട്ടിട്ടുണ്ട്.

തന്റെ ഇടപെടലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തലിന്‌ കാരണം എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപനം നടത്തിയത് നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ലെഫ്‌റ്റനന്റ് രാജീവ് ഘായ് നടത്തിയ ഒരു പ്രസ്താവന പുറത്തുവിട്ട വീഡിയോയിലുണ്ട്. പാക് ഡി.ജി.എം.ഒ യുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് ശത്രുത വെടിനിർത്തലിലെത്തിയതെന്ന് ഇതിലുണ്ട്.

ട്രംപിന്റെ അവകാശവാദം രാജ്യത്ത്‌ വലിയ വിമർശനങ്ങൾക്കും ചർച്ചയ്ക്കും വഴിവച്ചിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മൂന്നാം കക്ഷി ഇടപെടലുണ്ടായോ എന്നതിനെക്കുറിച്ച് കേന്ദ്രം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.