മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീ പിടിച്ചു

Thursday 04 September 2025 1:25 AM IST

ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ വള്ളത്തിലുണ്ടായ തീപിടുത്തത്തിൽ ഉപകരണങ്ങൾ കത്തി നശിച്ചു. പാചകത്തിനിടയിൽ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ചോർന്നതാണ് തീപിടുത്തത്തിന് കാരണം. ഇന്നലെ രാവിലെ ഏഴരയോടെ കായംകുളം ഹാർബറിന് പടിഞ്ഞാറ് ഭാഗത്ത് വച്ചായിരുന്നു അപകടം. കായംകുളം ഹാർബൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ആറാട്ടുപുഴ കള്ളിക്കാട് രാജുവിന്റെ ഉടമസ്ഥതയിലുള്ള ഭാഗ്യ നക്ഷത്രം ലൈലന്റ് വള്ളത്തിലാണ് തീപിടുത്തം ഉണ്ടായത്. തൊഴിലാളികൾ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറും സ്റ്റൗവും തമ്മിൽ ഘടിപ്പിക്കുന്ന പൈപ്പിലാണ് തീ പിടിച്ചത്. കാറ്റുള്ളതിനാൽ പെട്ടെന്ന് ആളി പടർന്നു. സ്രാങ്ക് ഇരിക്കുന്ന ക്യാബിന് ഉള്ളിലേക്കും തീ പടർന്നതോടെ തൊഴിലാളികൾ പരിഭ്രാന്തരായി. വെള്ളം പമ്പ് ചെയ്തെങ്കിലും അണയ്ക്കാൻ കഴിഞ്ഞില്ല. വള്ളത്തിലെ എണ്ണയ്ക്ക് തീ പിടിച്ചതോടെ ആളിപ്പടർന്നു.

കറുത്ത പുക ഉയർന്നു. 45 തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഒടുവിൽ വള്ളത്തിന്റെ ഉടമസ്ഥനായ രാജു കൊളുത്തുപോലെയുള്ള നീളമുള്ള കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടറിൽ വലിച്ച് മാറ്റിയതിനുശേഷം ഓഫ് ചെയ്തതോടെയാണ് തീ നിയന്ത്രണവിധേയമായത്. വയർലെസ് സെറ്റ്, ജി.പി.എസ് സംവിധാനം, എക്കോ സൗണ്ടർ, ക്യാമറ തുടങ്ങിയവ കത്തി നശിച്ചു. വള്ളത്തിനും വലയ്ക്കും കേടു പറ്റി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.