കോപ്പിയടി പിടിച്ചതിന് പീഡന പരാതി
'ഇനിയൊരിക്കലും ആർക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുത്. ഒരു അദ്ധ്യാപകനായ ഞാൻ ഇത്ര കാലവും നേരിട്ട മാനസിക സംഘർഷവും അപമാനവും കണ്ടറിഞ്ഞ് കോടതി നീതി ഉറപ്പാക്കിയതിൽ സന്തോഷിക്കുന്നു."- പരീക്ഷയിൽ കോപ്പിയടി പിടിച്ചതിന്റെ പ്രതികാരമായി വിദ്യാർത്ഥിനികളിൽ നിന്ന് പീഡന ആരോപണം നേരിട്ട് പത്തു വർഷത്തിനു ശേഷം കുറ്റവിമുക്തനാക്കപ്പെട്ട പ്രൊഫ. ആനന്ദ് വിശ്വനാഥന്റെ വാക്കുകളാണിത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണ്ട് തള്ളിക്കളയാനാവില്ല. സ്ത്രീപീഡനവും പോക്‌സോ കേസും പ്രതികാരത്തിനുള്ള മൂർച്ചയേറിയ ആയുധങ്ങളായി മാറിക്കൊണ്ടിരിക്കുന്നത് ഗൗരവത്തോടെ വീക്ഷിക്കേണ്ട വിഷയം തന്നെയാണ്. ഇത്തരം കേസുകളിൽ പ്രതിയാവുന്നതോടെ സമൂഹത്തിൽ നിന്ന് നേരിടേണ്ടിവരുന്ന പുച്ഛവും ഒറ്റപ്പെടുത്തലും ഒരുവിധക്കാർക്ക് താങ്ങാനാവുന്നതല്ല.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകളിൽ നാല്പത് ശതമാനവും വ്യാജമാണെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ വിവിധ നിയമ ഗ്രൂപ്പുകൾ കണ്ടെത്തിയിരുന്നു. സ്‌ത്രീകളെയും കുട്ടികളെയും ലൈംഗിക പീഡനങ്ങളിൽ നിന്നും മറ്റ് ശാരീരിക ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷകൾ ഉറപ്പാക്കിക്കൊണ്ട് പുതിയ നിയമങ്ങൾ പാസാക്കിയിട്ടുള്ളത്. ഈ നിയമങ്ങൾ പ്രതികാരത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടുന്നത് ആശാസ്യമല്ല. ഇത്തരം പരാതികളിൽ പൊലീസ് പ്രാഥമികമായ പരിശോധന നടത്തി, പരാതി വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് ഉന്നത കോടതികൾ വിധിച്ചിട്ടുണ്ടെങ്കിലും അതിനൊന്നും മെനക്കെടാതെ ഇത്തരം പരാതികളിൽ ആദ്യം തന്നെ കേസ് രജിസ്റ്റർ ചെയ്യുന്ന രീതിയാണ് പൊലീസ് വകുപ്പും അവലംബിച്ചിട്ടുള്ളത്.
വിവാഹമോചന കേസുകളിൽ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് തർക്കമുയരുമ്പോൾ പെൺമക്കളെ പീഡിപ്പിച്ചതായി പിതാവിനെതിരെ പരാതി നൽകുന്നത് ആവർത്തിക്കുന്ന സംഭവമായി മാറിയിട്ടുണ്ട്. അതുപോലെ,ഉഭയകക്ഷി സമ്മതപ്രകാരം ഒന്നിച്ചു കഴിഞ്ഞിട്ട്, പിണങ്ങുമ്പോൾ പുരുഷനെതിരെ പീഡന കേസ് നൽകുന്ന പെൺകുട്ടികളുടെ എണ്ണവും കുറവല്ല. വ്യാജ പോക്‌സോ കേസിലും സ്‌ത്രീപീഡന പരാതിയിലും കുരുങ്ങി ജയിലിൽ കഴിഞ്ഞിട്ടുള്ളവരുടെ നിരവധി കേസുകൾ കേരളത്തിൽത്തന്നെ ചൂണ്ടിക്കാണിക്കാനാവും. അതിൽ ഏറ്റവും ഒടുവിൽ കുറ്റവിമുക്തനാക്കപ്പെട്ടയാളാണ് പ്രൊഫ. ആനന്ദ് വിശ്വനാഥ്. മൂന്നാർ ഗവ. കോളേജിൽ 2014 ആഗസ്റ്റ് 27നും സെപ്തംബർ അഞ്ചിനുമിടയിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. എം.എ ഇക്കണോമിക്സ് പരീക്ഷയിൽ കോപ്പിയടിച്ച അഞ്ച് വിദ്യാർത്ഥിനികളെ ഇക്കണോമിക്സ് വിഭാഗം തലവനും അഡിഷണൽ ചീഫ് എക്‌സാമിനറുമായ ആനന്ദ് വിശ്വനാഥൻ പിടികൂടിയതിനുള്ള പ്രതികാരമായിരുന്നു വിദ്യാർത്ഥിനികളുടെ വ്യാജ പീഡന പരാതിയും അദ്ധ്യാപകനെതിരായ തുടർ നിയമനടപടികളും. തന്റേതല്ലാത്ത കുറ്റത്തിന്റെ പേരിൽ പ്രൊഫസർക്ക് ഒരു ദശാബ്ദത്തോളം മാനസിക പീഡനം അനുഭവിക്കേണ്ടിവരികയും, കേസ് നടത്തേണ്ടിവരികയും ചെയ്തു.
ആലപ്പുഴയിൽ ആൺസുഹൃത്തിനെ രക്ഷിക്കാൻ അതിജീവിത നൽകിയ മൊഴിയിൽ 75-കാരന് 285 ദിവസം ജയിലിൽ കഴിയേണ്ടിവന്നു. ഒടുവിൽ വിചാരണ വേളയിൽ അതിജീവിത സത്യം തുറന്നു പറഞ്ഞതോടെയാണ് ആലപ്പുഴ സെഷൻസ് പോക്സോ കോടതി ഈ വയോധികനെ വെറുതെവിട്ടത്. കിളിമാനൂരിൽ അദ്ധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ വിദ്യാർത്ഥിനിയെ ബലിയാടാക്കിയും പോക്‌സോ കേസ് നൽകിയിരുന്നു. ഇത്തരം വ്യാജ പരാതിയിൽ കുടുങ്ങുന്നവർക്ക് വാദികൾ കനത്ത നഷ്ടപരിഹാരം നൽകാനുള്ള നിയമ ഭേദഗതിയും ഈ നിയമത്തിന്റെ ഭാഗമായി വരുത്തേണ്ടതാണ്. അല്ലെങ്കിൽ ഇത്തരം പരാതികളുടെ എണ്ണം കുറയാൻ പോകുന്നില്ല.