വഴി തെറ്റിക്കും വൈക്കോൽ പസിൽ
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സ്ഥാപിച്ച വൈക്കോൽ മേയ്‌സ് കളി കൗതുകമാകുന്നു. പൂർണമായും വൈക്കോൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന മെയ്‌സിനുള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ അവസാന വാതിലെത്താൻ തടസങ്ങളേറെയാണ്. 5 മിനിറ്റ് സമയം. അതിനുള്ളിൽ കളി പൂർത്തിയാക്കി പുറത്ത് കടക്കുക എന്നതാണ് കടമ്പ. പസിലിനുള്ളിൽ കയറിയാൽ പൂർത്തിയാക്കാതെ അതിൽ നിന്ന് പുറത്തിറങ്ങാനാവില്ല. ഏകദേശം മൂന്നര മിനിറ്റ് കൊണ്ട് പസിൽ പൂർത്തിയാക്കാൻ സാധിക്കുമെങ്കിലും അതിൽ കൂടുതൽ സമയമെടുക്കുന്നവരുമുണ്ട്. കുട്ടികളാണേറെയും പസിൽ തടസം മാറ്റി ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ശ്രമിക്കുന്നത്. മുതിർന്നവർക്കും ഇതൊരു കൗതുകക്കാഴ്ചയായി. വന്നവഴി തന്നെ വീണ്ടും എത്തിച്ചേരുന്ന രീതിയിലാണ് പസിൽ തയ്യാറാക്കിയിരുന്നത്. കയറാൻ പ്രവേശനം സൗജന്യമാണ്.ക്ഷമയും ഓർമ്മശക്തിയുമാണ് കളിയുടെ ലക്ഷ്യം. കൂടുതലും ബാലമാസികകളിലാണ് ഇത്തരത്തിലുള്ള കളികൾ കണ്ടുവരുന്നത്. ഇതുകൂടാതെ കുട്ടികളെ പേടിപെടുത്തുവാനായി ഗോസ്റ്റ് ഹൗസും പുരാധന രീതിയിലെ തറവാടും ഓണത്തിന് മാറ്റുകൂട്ടാൻ ഒരുങ്ങിക്കഴിഞ്ഞു. പഴമ നിലനിറുത്തിക്കൊണ്ടുള്ള ആധുനിക സംവിധാനങ്ങളും തറവാട്ടിൽ കാണാനാവും.ഈ മാസം 9ന് സമാപിക്കും.