മുസ്ളിം ഇതര കുടിയേറ്റക്കാർക്ക് ആശ്വാസം
ന്യൂഡൽഹി: പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2024 ഡിസംബർ 31ന് മുൻപ് കുടിയേറിയ മുസ്ളിം ഇതര വിഭാഗങ്ങൾക്ക് പാസ്‌പോർട്ടുൾപ്പെടെ രേഖകൾ ഇല്ലാതെ ഇന്ത്യയിൽ താമസിക്കാം. പൗരത്വ നിയമ പ്രകാരം 2014 ഡിസംബർ 31വരെ ആയിരുന്നു സമയപരിധി.
രാജ്യത്ത് അനധികൃത പ്രവേശനവും താമസവും തടയുന്നതിനുള്ള 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് നിയമത്തിന്റെ വിജ്ഞാപനത്തിലാണ് 10 വർഷം ഇളവ് വരുത്തിയത്.
ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് ബാധകം. ഭേദഗതി പ്രകാരം, 2024 ഡിസംബർ 31നോ അതിനുമുമ്പോ കുടിയേറിയവരെ സാധുവായ രേഖകളില്ലെങ്കിലും ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കും.
2025 മുതൽ ഇന്ത്യയിൽ പ്രവേശിച്ച ടിബറ്റുകാർക്കും വിമാനം, കരമാർഗം അതിർത്തി കടക്കുന്ന നേപ്പാൾ, ഭൂട്ടാൻ പൗരൻമാർക്കും 2015 ജനുവരി 9 വരെ അഭയം തേടിയ ശ്രീലങ്കൻ തമിഴർക്കും ഇളവ് ബാധകം. നേപ്പാൾ,ഭൂട്ടാൻ അതിർത്തി കടന്നുവരുന്ന ഇന്ത്യൻ പൗരൻമാർക്കും ഇളവ്.
എന്നാൽ ചൈന, മക്കാവു, ഹോങ്കോംഗ്, പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് പ്രവേശിച്ച നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്ക് ഇളവിന് അർഹതയില്ല.
നിയമം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം. വിസ, യാത്ര രേഖയില്ലാതെ പ്രവേശിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
വിസ വേണ്ടാത്തവർ
ജോലിക്കായി രാജ്യത്തിനു പുറത്ത് പോകുകയും തിരിച്ചെത്തുകയും ചെയ്യുന്ന സായുധ സേനാംഗങ്ങളും കുടുംബാംഗങ്ങളും
സൈനിക അഭ്യാസത്തിനും മറ്റും വരുന്ന വിദേശ യുദ്ധക്കപ്പലുകളിലെ സേനാംഗങ്ങൾ
നയതന്ത്ര പാസ്‌പോർട്ടുകൾ കൈവശമുള്ള വിദേശികൾ
വിസ-ഓൺ-അറൈവലിന് അർഹതയുള്ള നിയുക്ത രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾ
കൂടുതലും ബംഗ്ളാദേശിൽ നിന്ന്
ഇന്ത്യയിലേക്ക് കുടിയേറുന്നവരിൽ കൂടുതലും ബംഗ്ളാദേശിൽ നിന്നാണ്. 2016ൽ പാർലമെന്റിൽ വച്ച കണക്കുപ്രകാരം രണ്ടു കോടിയിലധികം ബംഗ്ളാദേശി കുടിയേറ്റക്കാർ ഇന്ത്യയിലുണ്ട്. ഇതിൽ മുസ്ളീം ഇതര വിഭാഗങ്ങൾക്ക് ഇളവു ലഭിക്കും. ബംഗ്ളാദേശിൽ 2024ൽ ഷേഖ് ഹസീനയുടെ ഭരണം അട്ടിമറിക്കപ്പെട്ട ശേഷം ഹിന്ദുക്കൾക്കെതിരെ അക്രമം കൂടി. തുടർന്ന് ഒട്ടേറെ കുടുംബങ്ങളാണ് ഇന്ത്യയിൽ അഭയം തേടിയത്. അതേസമയം, അനധികൃതമായി കഴിഞ്ഞിരുന്ന 2300 ബംഗ്ളാദേശി മുസ്ളിങ്ങളെ പഹൽഗാം ആക്രമണശേഷം പുറത്താക്കി.