ജി.എസ്.ടി ഇളവ് സെപ്തം.22മുതൽ: എല്ലാ മരുന്നിനും വിലകുറയും

Thursday 04 September 2025 12:17 AM IST

ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനിച്ച. ഇതോടെ എല്ലാ മരുന്നുകളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി കുറയും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും.സ്ലാബുകൾ കുറയ്‌ക്കണമെന്ന് നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

വരുമാനം കുറയുന്നതിനാൽ നഷ്ട പരിഹാരം വേണമെന്ന് കേരളം ആവശ്യപ്പട്ടു. ഇക്കാര്യം ഹിമാചൽപ്രദേശ്, കർണാടക, ജാർഖണ്ഡ്, പഞ്ചാബ്, തമിഴ്നാട്, ജമ്മുകാശ്‌മീർ, തെലങ്കാന, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങളും ഉന്നയിച്ചു. നിലവിലെ 12%, 28% സ്ളാബുകൾ നിറുത്തലാക്കാനും 5%, 18% നിരക്കുകൾ തുടരാനുമാണ് തീരുമാനം. 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങൾ, ലഹരി വസ്‌തുക്കൾ, പുകയില ഉത്പന്നങ്ങൾ എന്നിവയ്‌ക്ക് 40 % ജി.എസ്.ടി ഏർപ്പെടുത്തും.

നികുതി കുറയുന്നതോടെ, ആഭ്യന്തര വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കാമെന്നും യു.എസിന്റെ 50% ഇറക്കുമതി തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാമെന്നും സർക്കാർ കരുതുന്നു. നിലവിൽ 12 ശതമാനം നികുതിക്ക് കീഴിലുള്ള ഏകദേശം 99 ശതമാനം ഇനങ്ങളും 5 ശതമാനത്തിലേക്കും 28 ശതമാനം നികുതി ചുമത്തുന്ന 90 ശതമാനം സാധനങ്ങളും 18 ശതമാനം വിഭാഗത്തിലേക്കും മാറും.

5 ശതമാനത്തിലേക്ക് വന്നവ

മരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ബാൻഡേജ്, ഗ്ലൂക്കോമീറ്റർ, ഹോട്ടൽ അക്കോമഡേഷൻ സർവീസസ്, ജിം,​ സലൂൺ, യോഗ സെന്റർ, പാക്കേജ്ഡ് ഭുജിയ, സോസ്, പാസ്‌ത, ഇൻസ്റ്റന്റ് നൂഡിൽസ്, ചോക്കേറ്ര്, കോഫി, ശീതികരിച്ച മാംസം, കോൺഫ്ലേക്‌സ്, ബട്ടർ, നെയ്യ്, ട്രാക്‌ടർ, കൃഷിക്കുള്ള മെഷീനുകൾ

28%ൽ നിന്ന് 18%

എ.സി, വാഷിംഗ് മെഷീൻ, ടി.വി, സിമന്റ്, 1200 സിസി വരെയുള്ള ചെറുകാറുകൾ, 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, ആംബുലൻസ്,

18%ൽ നിന്ന് 5%

 2500 രൂപ വരെ വിലയുള്ള തുണിത്തരങ്ങളും ചെരുപ്പുകളും, ടൂത്ത് പേസ്റ്റ്, സോപ്പ്-ഷാമ്പു, കോൺഫ്ളേക്‌സ്, പേസ്ട്രി, ബിസ്‌ക്കറ്റ്, ഐസ്‌ക്രീം, മിനറൽ വാട്ടർ

12%ൽ നിന്ന് 5%

ട്രാക്‌ടർ, രാസവളം, കീടനാശിനികൾ, ബട്ടർ, ഡ്രൈ നട്ട്സ്, ഉപ്പുള്ള പലഹാരങ്ങൾ,

സെസ് ഒഴിവായേക്കും

 സെസ് സംവിധാനം ഇല്ലാതാക്കാൻ സാധ്യത.

വിവിധ നിരക്കുകളിലായി വ്യാപിച്ചുകിടക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കൾക്കും തുണിത്തരങ്ങൾക്കും 5% നികുതി വന്നേക്കും.

 ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിനും ജീവൻ രക്ഷാ മരുന്നുകൾക്കുമുള്ള ജി.എസ്.ടി ഒഴിവാക്കും

വലിയ കാറുകൾ അടക്കം ആഡംബര വസ്തുക്കൾക്ക് 40% നികുതി

രജിസ്ട്രേഷൻ മൂന്ന് ദിവസത്തിനുള്ളിൽ

എം.എസ്.എം.ഇ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ രജിസ്ട്രേഷൻ സമയം 30 ദിവസത്തിൽ നിന്ന് മൂന്ന് ദിവസമായി കുറയ്‌ക്കാനും കയറ്റുമതിക്കാർക്ക് ഓട്ടോമേറ്റഡ് ജി.എസ്.ടി റീഫണ്ട് ഏർപ്പെടുത്താനുമുള്ള നിർദ്ദേശങ്ങൾക്ക് യോഗം അംഗീകാരം നൽകിയതായി സൂചന.