കിം മടങ്ങിയതിനുപിന്നാലെ ഇരുന്ന കസേരയും വെള്ളംകുടിച്ച ഗ്ളാസുമടക്കം വൃത്തിയാക്കി ഉദ്യോഗസ്ഥർ, കാരണം വിചിത്രം

Wednesday 03 September 2025 11:34 PM IST

ബീജിംഗ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിനുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ കൂടിക്കാഴ്‌ച നടത്തിയത് ഇന്നാണ്. ഈ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം അവിടെ നടന്ന കാര്യങ്ങൾ ഇപ്പോൾ ലോകമാകെ ചർച്ചയാകുകയാണ്. പുടിനുമായുള്ള ചർച്ചാ സമയം കിം ജോംഗ് ഉൻ തൊട്ട ഓരോ സാധനവും രണ്ട് ഉദ്യോഗസ്ഥരെത്തി തുടച്ച് വൃത്തിയാക്കുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്.

തന്നെക്കുറിച്ചുള്ള ആരോഗ്യ‌ രഹസ്യങ്ങൾ ചോരാതിരിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ തന്റെ സുരക്ഷാ ജീവനക്കാരെക്കൊണ്ട് പൂപ്പ് സ്യൂട്ട്‌കേസ് കരുതാറുള്ള വാർത്ത പുറത്തുവന്നത് ദിവസങ്ങൾക്ക് മുൻപാണ്. അപ്പോഴാണ് കിമ്മിന്റെ സുരക്ഷാ ചുമതലയുള്ള ജീവനക്കാർ ഇത്തരത്തിൽ അദ്ദേഹം പിടിച്ചയിടവും ഇരുന്ന കസേരയുമൊക്കെ വൃത്തിയാക്കുന്നത്.

വളരെ ശ്രദ്ധിച്ച് കിമ്മിന്റെ കസേരയുടെ പിൻവശമടക്കം തുടച്ച് വൃത്തിയാക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അൽപംപോലും വിട്ടുവീഴ്‌ച ചെയ്യാതെ സസൂക്ഷ്‌മമാണ് ജോലി. കിമ്മിന്റെ വിരലടയാളമോ പാടോ ഒന്നും അവശേഷിക്കാത്ത തരം സൂക്ഷ്‌മമായ വൃത്തിയാക്കലാണ് നടന്നത്.

ആദ്യ ഉദ്യോഗസ്ഥൻ കസേര വൃത്തിയാക്കിയെങ്കിൽ രണ്ടാമത്തെയാൾ കിം വെള്ളംകുടിച്ച ഗ്ളാസിലെ കൈവിരൽ പാടുവരെ വൃത്തിയാക്കി. ചില റഷ്യൻ മാദ്ധ്യമങ്ങളിലും ഇക്കാര്യം സൂചിപ്പിക്കുന്ന വിവരങ്ങളുണ്ട്.

കിമ്മിന്റെ ഡിഎൻഎ സാമ്പിളടക്കമുൾപ്പടെ ശേഖരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങൾ മനസിലാക്കാതിരിക്കാനുള്ള മാർഗമാണ് ഇതെന്നാണ് ചില റിപ്പോർട്ടുകൾ. രണ്ടാംലോക മഹായുദ്ധത്തിൽ ജപ്പാന് നേരെ വിജയം നേടിയതിന്റെ 80-ാം വാർഷികം ചൈനയിൽ ആഘോഷിക്കവെ പുടിനും കിമ്മുമടക്കം ലോകനേതാക്കൾ ഇവിടെയുണ്ടായിരുന്നു. ഇതിനിടെയാണ് കൂടിക്കാഴ്‌ച നടന്നത്.