വിനായക ചതുർത്ഥി ആഘോഷത്തിൽ ഗണപതിപ്പാട്ടിന് ചുവട് വച്ച് ജാപ്പനീസ് യുവാക്കൾ

Wednesday 03 September 2025 11:35 PM IST

വിനായക ചതുർത്ഥി ഇന്ത്യൻ സംസ്കാരത്തിലെ വലിയൊരാഘോഷമാണ്. ഗണപതി വിഗ്രഹങ്ങൾ ആരാധിച്ചും വിവിധതരത്തിലുള്ള മധുര പലഹാരങ്ങൾ വിതരണം ചെയ്തും വിനായക ചതുർത്ഥി ഇന്ത്യക്കാർ ആഘോഷമാക്കാറുണ്ട്. എന്നാൽ, ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല വിനായക ചതുർത്ഥിയുടെ ആവേശം. അതിന് തെളിവായാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഒരു വീഡിയോ വൈറലാകുന്നത്.

ഗണപതിപാട്ടിന്റെ താളങ്ങൾക്ക് ജാപ്പനീസ് യുവാക്കൾ ചുവട് വയ്ക്കുന്നതാണ് വീഡിയോ . അഗ്നിപഥ് എന്ന ബോളിവുഡ് ചിത്രത്തിലെ ശ്രീ ഗണേശായ എന്ന പാട്ടിനാണ് സംഘം ചുവട് വയ്ക്കുന്നത്. പ്രശസ്ത ജാപ്പനീസ് ഇൻഫ്ലുവൻസർ കകെ ടാക്കുവാണ് പാട്ടിനൊത്ത് നൃത്തം ചെയ്യുന്നവരിൽ ഒരാൾ.അദ്ദേഹം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ഇന്ത്യൻ സംസ്കാരത്തിന്റെ ആവേശം ലോകമെമ്പാടും വ്യാപിക്കുന്നതിന്റെ തെളിവായാണ് ജനങ്ങൾ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

ഹിന്ദു ദൈവമായ ഗണപതിയുടെ ജന്മദിനമാണെന്ന വിശ്വാസത്തിലാണ് ഇന്ത്യക്കാർ വിനായക ചതു‌ത്ഥി ആഘേഷിക്കുന്നത്. മുൻപ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് വിനായക ചതുർത്ഥി പ്രധാനമായി ആഘോഷിച്ചിരുന്നതെങ്കിലും ഇന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വിനായക ചതുർത്ഥി വലിയ ആഘോഷമാണ്. ചില ക്ഷേത്രങ്ങളിൽ ആ ദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു.