പൊലീസ് പരിശോധനയിൽ 33 ലിറ്റർ വ്യാജ മദ്യം, 20 ലിറ്റർ കോട, 2 ലക്ഷം രൂപ എന്നിവ പിടികൂടി

Thursday 04 September 2025 1:37 AM IST

വെഞ്ഞാറമൂട്: വട്ടപ്പാറ പൊലീസ് നടത്തിയ പരിശോധനയിൽ 33 ലിറ്റർ വ്യാജമദ്യവും 20 ലിറ്റർ കോടയും 2ലക്ഷം രൂപയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. തേക്കട കൊഞ്ചിറ പെരുംകൂർ കാർത്തികയിൽ വാടകയ്ക്ക് താമസിക്കുന്ന സതീശനാണ്(64) അറസ്റ്റിലായത്. കുറച്ച് കാലമായി പ്രതി കൊഞ്ചിറയിൽ വാടക വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യനിർമ്മാണവും വില്പനയും നടത്തി വരുന്നതായി റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശനന് വിവരം ലഭിച്ചിരുന്നു. ഈ വിവരം അദ്ദേഹം നെടുമങ്ങാട് പൊലീസ് സബ് ഡിവിഷനിലേക്കും വട്ടപ്പാറ പൊലീസിനും കൈമാറി. തുടർന്ന് നെടുമങ്ങാട് എ.എസ്.പി അച്യുത് അശോക്, വട്ടപ്പാറ സി.ഐ.ശ്രീജിത്ത്, എസ്.ഐമാരായ ബിനിമോൾ, പ്രദീപ്, മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, സജീവ്, പ്രശാന്ത്, ബിനോയി, മാധവൻ എന്നിവർ അടങ്ങിയ സംഘം നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.