മയക്കുമരുന്ന് കച്ചവടക്കാരൻ കരുതൽ തടങ്കലിൽ

Thursday 04 September 2025 1:37 AM IST

വർക്കല: തെക്കൻ കേരളത്തിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. മടവൂർ ഞാറയിൽകോണം കുന്നിൽ വീട്ടിൽ റിയാദ് (38) ആണ് ഡ്രഗ് ട്രാഫിക്കിംഗ് പ്രിവെൻഷൻ ആക്ട് പ്രകാരം തടങ്കലിലായത്.

വില്പനയ്ക്കെത്തിച്ച 94 ഗ്രാം എം.ഡി.എം.എയുമായി 2022ൽ അയിരൂർ പൊലീസും 49 ഗ്രാം എം.ഡി.എം.എയുമായി 2025 ജനുവരിയിൽ പൊഴിയൂർ പൊലീസും റിയാദിനെതിരെ കേസെടുത്തിരുന്നു. ജ്യാമ്യത്തിലായിരുന്ന ഇയാൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇയാൾ വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞതായി പൊലീസ് കണ്ടെത്തി. അന്തർസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായി ജോലിനോക്കിയ പ്രതി ആ ജോലിയും മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ചു. തുടർന്നാണ് പ്രതിക്കെതിരെ മയക്കുമരുന്ന് കടത്തൽ തടയൽ നിയമപ്രകാരം നടപടി സ്വീകരിച്ചത്. പള്ളിക്കൽ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലും നിരവധി എൻ.ഡി.പി.എസ് കേസുകളിലും ഇയാൾ പ്രതിയാണ്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെയും നാർകോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രദീപ്.കെ,വർക്കല ഡിവൈ.എസ്.പി ഗോപകുമാർ എന്നിവരുടെയും നിർദ്ദേശപ്രകാരം പള്ളിക്കൽ ഇൻസ്പെക്ടർ ശ്യാം,ഡാൻസഫ് സബ് ഇൻസ്പെക്ടർമാരായ സാഹിൽ,ബിജുകുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, വിനീഷ്,ഫാറൂഖ് എന്നിവരടങ്ങുന്ന സംഘം റിയാദിനെ പിടികൂടി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലേക്ക് മാറ്റി.