ഷാർജയിൽ മരിച്ച അതുല്യയുടെ ശരീരത്തിൽ 46 മുറിവുകൾ റീ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിർണായക സൂചന
കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ ശരീരത്തിൽ 46 മുറിവുകൾ. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുറിവുകൾ പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പു മുതൽ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദുബായിൽ നടന്ന അതുല്യയുടെ പോസ്റ്റ് മോർട്ടത്തിൽ തൂങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ റീ പോസ്റ്റ് മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്നാണ്. ഇത് അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുത്തുന്നതാണ്. ഇതിന് പുറമേ അതുല്യയെ ഭർത്താവ് സതീഷ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ സതീഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ നൽകണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി ഈമാസം 8ന് പരിഗണിക്കും.
ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക്
പുറത്തുവന്ന ദൃശ്യങ്ങൾ സമീപകാലത്തേതല്ലെന്നാണ് സതീഷിന്റെ വാദം. എന്നാൽ, മരിച്ചതിന്റെ തലേദിവസം അയച്ചുനൽകിയ ദൃശ്യങ്ങളുമുണ്ടെന്നാണ് അതുല്യയുടെ കുടുംബത്തിന്റെ വാദം. ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ ഫോൺ ദുബായ് പൊലീസിനും ലഭിച്ചിട്ടില്ല. കേസിൽ ദുബായ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ സെൻട്രൽ അതോറിറ്റി ഒഫ് ഇന്ത്യ വഴി ദുബായ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലായ് 19 നാണ് തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് നാട്ടിലെത്തിയെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.