മോദിക്കും മാതാവിനും അധിക്ഷേപം:ബീഹാറിൽ ഇന്ന് എൻ.ഡി.എ ബന്ദ്
അധിക്ഷേപം നടത്തിയത് രാഹുലിന്റെ
'വോട്ടർ അധികാർ' യാത്രയ്ക്കിടെ
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിച്ച 'വോട്ടർ അധികാർ' യാത്രയുടെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ബീഹാറിൽ ഇന്ന് എൻ.ഡി.എ ബന്ത്. രാവിലെ 7 മുതൽ ഉച്ചവരെയാണ് ബന്ത്. വോട്ടുക്കൊള്ള ആരോപിച്ച് രാഹുൽ നടത്തിയ യാത്രയ്ക്കിടെ ദർഭംഗയിലെ വേദിയിലാണ് കോൺഗ്രസ് പതാക പുതച്ചയാൾ മൈക്കിലൂടെ കടുത്ത അശ്ലീല പദപ്രയോഗം നടത്തിയത്. 'ഇന്ത്യ' സഖ്യത്തിലെ നേതാക്കളാരും വേദിയിലുണ്ടായിരുന്നില്ല. ആഗസ്റ്ര് 27നാണ് വീഡിയോ പുറത്തുവന്നത്. രാഹുൽ മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം പരസ്യമായി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മോദി വികാരഭരിതനായി പ്രതികരിച്ചിരുന്നു. തന്റെ മാതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ എല്ലാ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയുമാണ് അപമാനിച്ചതെന്ന് കുറ്റപ്പെടുത്തി. സംഭവത്തിൽ മുഹമ്മദ് റിസ്വി എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
വനിതകൾ നയിക്കും
രാഷ്ട്രീയ മാനം കൈവന്ന സാഹചര്യത്തിൽ ആ രീതിയിൽ ഉപയോഗിക്കാനാണ് എൻ.ഡി.എയുടെ നീക്കം. വനിതാ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തും. ബീഹാറിൽ വനിതകൾ മുന്നിൽ നിന്നു നയിക്കുന്ന ആദ്യ ബന്തായിരിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ദിലീപ് ജയ്സ്വാൾ പറഞ്ഞത്.
തിരിച്ചടിച്ച് തേജസ്വി
തന്റെ അമ്മയെയും സഹോദരിമാരെയും ബി.ജെ.പി എം.എൽ.എമാർ നിയമസഭയിൽ അധിക്ഷേപിച്ചിട്ടുണ്ടെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തിരിച്ചടിച്ചു. ബീഹാറിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ആരുടെയും മാതാവിനെ അധിക്ഷേപിക്കാൻ പാടില്ല. അതു നമ്മുടെ സംസ്കാരമല്ല. വോട്ടർ അധികാർ യാത്രയുടെ വിജയത്തിൽ ബി.ജെ.പി അസ്വസ്ഥരാണെന്നും കൂട്ടിച്ചേർത്തു.