കുംഭാരഉന്നതികളിൽ കണ്ണീർ മൂഡ്
തൃശൂർ: '' എല്ലാറ്റിന്റേം വെല കേറീല്ലേ?. പത്തുകൊല്ലം മുൻപത്തെ വിലയേ ഇന്നും തൃക്കാരപ്പന്മാർക്കുള്ളൂ... '' മൺപാത്ര നിർമ്മാണത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാത്രമംഗലത്തെ തൊഴിലാളിയുടെ വേദന ഇങ്ങനെ നീളുന്നു. വൻവില കൊടുത്ത് മണ്ണുവാങ്ങി കുഴച്ചെടുത്ത് ചൂളയിൽ വെച്ച് ഉണക്കിയെടുക്കുന്ന തൃക്കാക്കരയപ്പന്മാർക്ക് മുപ്പതോ നാൽപ്പതോ രൂപയാണ് ഇന്നും വില.
മണ്ണിൽ തീർത്ത തൃക്കാക്കരയപ്പന്മാരെ ആവശ്യപ്പെടുന്നവർ ഏറെയുണ്ടെങ്കിലും വില കൂട്ടിയാൽ ആരും വാങ്ങില്ല. പ്രളയവും കൊവിഡുമെല്ലാം തകർത്തു കളഞ്ഞെങ്കിലും കുംഭാരഉന്നതികൾ കുലത്തൊഴിൽ കൈവിട്ടില്ല. രണ്ട് മാസത്തെ അദ്ധ്വാനം കൊണ്ട് ആയിരത്തോളം തൃക്കാക്കരയപ്പന്മാരെ ഉണ്ടാക്കുന്ന തൊഴിലാളിക്ക്, വിറ്റാൽ പതിനായിരം പോലും ലാഭമില്ല. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നടക്കം ലോഡിന് 14,000 രൂപ നൽകിയാണ് മണ്ണ് വാങ്ങുന്നത്. പ്രളയകാലത്തിന് ശേഷം കളിമണ്ണ് കിട്ടാൻ ജിയോളജി വകുപ്പിന്റെ തടസം വന്നു. മണ്ണെടുക്കാൻ തൊഴിലാളിക്കുണ്ടായിരുന്ന അനുമതിയും നിഷേധിച്ചു. കരാറുകാർ ജിയോളജി വകുപ്പിന്റേയും തദ്ദേശസ്ഥാപനത്തിന്റേയും പാസെടുത്ത് മണ്ണ് വിതരണം ചെയ്യുമ്പോൾ പണം കൂടുതൽ കൊടുക്കേണ്ടി വരും.
പണിക്കുള്ള പണമില്ല
ഉരുളയായി കൊണ്ടുവരുന്ന മണ്ണ് ആദ്യം അരയ്ക്കും. ബലം കൂട്ടാൻ വ്യത്യസ്ത മണ്ണും കൂട്ടിച്ചേർക്കും. അച്ചിലിട്ട് വാർത്തെടുത്ത് മണലും ചേർത്ത് മൂന്ന് ദിവസം വെയിലത്തുണക്കും. കരവിരുതാണ് പ്രധാനം. മിഴിവും ഉറപ്പും ഇല്ലെങ്കിൽ ആരും വാങ്ങില്ല. ആളൂർ, കുമ്പിടി എന്നിവിടങ്ങളിലെ കറുപ്പും ചുവപ്പും കലർന്ന മണ്ണാണ് ഉപയോഗിക്കുന്നത്.
വിപണിയിലെ വില
ചെറുതിന് (7 ഇഞ്ച് നീളം): 40-60 രൂപ, ഇടത്തരം (9 ഇഞ്ച്): 60-80 രൂപ വലുതിന് (11 ഇഞ്ച്): 80-90 രൂപ
ചകിരിവില: 100 എണ്ണത്തിന് 120 രൂപ ഒരു ചൂളയിൽ വേണ്ടത്: വിറക് 10 കി.ഗ്രാം, ചകിരി 1,500 എണ്ണം
സമൃദ്ധിയുടെ പ്രതിരൂപം
ഓണത്തിന് തൃക്കാക്കരയപ്പന്മാരെ പൂജിച്ചാൽ സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. ഉത്രാടത്തിന് തലേന്നാൾ തൃക്കാക്കരയപ്പന്മാരുടെ വിൽപ്പന തുടങ്ങും. ഉത്രാടസന്ധ്യയിലാണ് പൂക്കളത്തിൽ പ്രതിഷ്ഠിക്കുക. അവിട്ടം നാൾ വൈകിട്ട് വരെ പൂവിട്ടും നിത്യപൂജ നടത്തും. മൂന്ന് നേരവും അരിമാവ് പൂശി, അരിയും അടയും പഴവും നിവേദിക്കും. ധർമ്മത്തിനായി നിലകൊണ്ട മഹാബലിയുടെ രൂപമെന്ന സങ്കൽപ്പത്തിലാണ് തൃക്കാക്കരയപ്പന്മാരെ ആരാധിക്കുന്നത്. വാമനന്റെ പ്രതീകമാണെന്നും വിശ്വാസമുണ്ട്.
'' മണ്ണ് ലഭിക്കാൻ കരാറുകാർക്ക് നൂലാമാലകളുണ്ട്. അതുകൊണ്ട് അവർ കൂടുതൽ പണം വാങ്ങും. സ്വയം തൊഴിൽ എന്ന നിലയിൽ മണ്ണ് കൊണ്ടുവരാനുളള അനുമതി ലഭിച്ചാലേ കഷ്ടപ്പാടുകൾ തീരൂ...''
ബിനീഷ് പാത്രമംഗലം
തൊഴിലാളി