തകർന്നടിഞ്ഞ് നേന്ത്രക്കായ വില കർഷകർക്ക് പ്രതിസന്ധി

Thursday 04 September 2025 12:03 AM IST

വടക്കാഞ്ചേരി: ഓണം വിപണി ലക്ഷ്യമിട്ട് വാഴക്കൃഷി ചെയ്ത കർഷകരെ പ്രതിസന്ധിയിലാക്കി വിലത്തകർച്ച. ചെങ്ങാലിക്കോടൻ പഴത്തിന് കിലോ 89 രൂപയാണ് വിലയെങ്കിൽ മറ്റ് പഴങ്ങൾ 50 രൂപയ്ക്കാണ് വിൽപ്പന. ചെങ്ങാലിക്കോടൻ കായക്ക് 50 രൂപയും മറ്റ് കായകൾക്ക് 35 മുതൽ 40 രൂപയുമാണ് വിപണി വില. വില ഇടിഞ്ഞതോടെ കർഷകന് ഉൽപ്പാദന ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഒരു കിലോ നേന്ത്രക്കായയ്ക്ക് 50 രൂപ വരെ ലഭിച്ചിരുന്നു. ഓണക്കാലത്ത് മികച്ച വില പ്രതീക്ഷിച്ച് കടം വാങ്ങി കൃഷിയിറക്കിയ കർഷകരാണ് ഇപ്പോൾ ദുരിതത്തിലായത്. വിപണിയിൽ ആവശ്യക്കാർ ഇല്ലാതായതാണ് തകർച്ചയ്ക്ക് കാരണം. മൂപ്പെത്തിയ കുലകൾ കൃത്യസമയത്ത് വെട്ടി വിറ്റില്ലെങ്കിൽ കായ നശിക്കും. എന്നാൽ നഷ്ടം സഹിച്ചും കിട്ടുന്ന വിലയ്ക്ക് വാഴക്കുല വിൽക്കേണ്ട ഗതികേടിലാണ് കർഷകർ. കൃഷിയിടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കാണ് ദുരിതം ഏറെയും.

ചെങ്ങാലിക്കോടൻ ചന്തയ്ക്ക് തുടക്കം

ഓണാഘോഷം മധുരതരമാക്കാൻ അത്താണി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ ചെങ്ങാലിക്കോടൻ ചന്തയ്ക്ക് തുടക്കമായി. ഏറ്റവും മികച്ച നേന്ത്രവാഴക്കുലകളാണ് ഇവിടെ വിൽപ്പനയ്ക്ക് എത്തുന്നത്. ഇതോടൊപ്പം നാടൻ പച്ചക്കറികൾ,റമ്പൂട്ടാൻ,സബ്‌സിഡിയോടുകൂടിയ നിത്യോപയോഗ സാധനങ്ങൾ, കായ വറവ്, ശർക്കര വരട്ടി എന്നിവയും കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നു. ചെങ്ങാലിക്കോടൻ പഴം കിലോ 89 രൂപയും കായ 50 രൂപയുമാണ് വില. റമ്പൂട്ടാൻ കിലോ 150 രൂപയാണ് ഇവിടെ. മുള്ളൂർക്കര , വരവൂർ എന്നിവിടങ്ങളിലെ ചെങ്ങാലിക്കോടൻ കർഷകരിൽ നിന്ന് കുലകൾ നേ രിട്ടാണ് എത്തിക്കുന്നത്.

പടം കടകളിൽ കിലോ 50 രൂപ ബോർഡ് തൂക്കി നടക്കുന്ന പഴകച്ചവടം പടം അത്താണി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലെ ചെങ്ങാലിക്കോടൻ ചന്ത