പ്ലാറ്റ്‌ഫോമിൽ ബൈക്ക് ഓടിക്കൽ: അന്വേഷണത്തിന് പ്രത്യേക സംഘം

Thursday 04 September 2025 12:44 AM IST

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ സുരക്ഷ ഭേദിച്ച് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്ക് പായിച്ച കേസ് റെയിൽവേ പൊലീസിലെ പ്രത്യേകസംഘം അന്വേഷിക്കും. റെയിൽവേ പൊലീസ് എറണാകുളം ഡിവൈ.എസ്.പി ജോർജ് ജോസഫിനാണ് അന്വേഷണ ചുമതല. രണ്ട് ഇൻസ്‌പെക്ടർമാരും എസ്.ഐമാരും സംഘത്തിലുണ്ട്. പൊലീസ് തെരയുന്ന പെരുമ്പാവൂർ മുടിക്കൽ മൗലൂദ്പുര സ്വദേശി എം.എ. അജ്മലിനെ ഇന്നലെയും കണ്ടെത്താനായില്ല. മൂന്ന് ലഹരിക്കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും പ്രതിയാണ് ഇയാൾ.

അജ്മലിനെതിരെ ആദ്യ കേസ് 2008ൽ അമ്പലമേട് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. പിറ്റേവർഷം കോതമംഗലം പൊലീസിന്റെയും പിടിവീണു. അടിപിടിയുമായി ബന്ധപ്പെട്ടതാണ് ഇരുകേസുകളും. 2022ൽ ഏലൂർ പൊലീസ് 360 മില്ലി ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തു. 6.108 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതിനിന് 2024ൽ എക്‌സൈസ് എറണാകുളം റേഞ്ചിന്റെയും 19.96 ഗ്രാം എം.ഡി.എം.എ വില്പനയ്‌ക്ക് ശ്രമിച്ചതിന് അതേവർഷം തന്നെ കളമശേരി പൊലീസിന്റെ പിടിയിലും അജ്മൽ കുടുങ്ങി. ഈ കേസുകളിലെല്ലാം ജാമ്യത്തിലാണ് അജ്മൽ.

ചൊവ്വാഴ്ച പുലർച്ചെ 4.40ന് പൂനെ - കന്യാകുമാരി എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടു പിന്നാലെയാണ് അജ്മൽ ബൈക്കുമായി പ്ലാറ്റ്‌ഫോമിൽ കടന്നത്. ഈസമയം മറ്റൊരു ട്രെയിൻ സ്റ്റേഷനിലേക്ക് കടന്നുവരുന്നുണ്ടായിരുന്നു. നിരവധി യാത്രക്കാരും പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. റെയിൽവേ പൊലീസും ആർ.പി.എഫ് ഉദ്യോഗസ്ഥരും പിന്തുടർന്നതോടെ, വാടകയ്‌ക്കെടുത്ത നാല് ലക്ഷം രൂപ വിലമതിക്കുന്ന ജി310ആർ മോഡൽ ബി.എം.ഡബ്‌ള്യു ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നുകളയുകയായിരുന്നു. അട്ടിമറി സാദ്ധ്യത തള്ളാതെയാണ് അന്വേഷണം.