മുക്കുപണ്ടം പണയം വെച്ച് തട്ടിച്ച കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
തൃപ്രയാർ : തട്ടിപ്പ് കേസിലെ പ്രതിയായ മഹാരാഷ്ട്ര സ്വദേശിയായ സന്തോഷ് എന്നയാളെ മുംബൈ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പിടികൂടി. മുക്കുപണ്ടം പണയം വെച്ച് 9.70 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. സ്വർണ്ണപണിക്കാരനും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്വർണ്ണം മാറ്റുരച്ച് നോക്കുന്നയാളുമായ പ്രതി സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നിരുന്നു. എടമുട്ടത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 201.7 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം ഒറിജിനൽ സ്വർണ്ണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണയം വെച്ച് 9.70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം പ്രതി ഒളിവിൽ പോയി.
സ്ഥാപനത്തിന്റെ മാനേജരായ എടത്തുരുത്തി ചൂലൂർ സ്വദേശിയായ തൊഴുത്തുംപറമ്പിൽ വീട്ടിൽ ഷൺമുഖൻ എന്നയാളുടെ പരാതിയിലാണ് വലപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സന്തോഷ് സ്വർണ്ണപണിക്കാരനാണ്. 20 വർഷത്തോളം എടമുട്ടത്താണ് കുടുംബമായി താമസിച്ചു വന്നിരുന്നത്. എടമുട്ടത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വർഷങ്ങളായി സ്വർണ്ണം പണയം വയ്ക്കാറുണ്ട്.
മാത്രമല്ല മറ്റുള്ളവർ പണയം വയ്ക്കുന്ന സ്വർണ്ണം മാറ്റുരച്ച് നോക്കുന്ന ജോലിയും സന്തോഷ് ചെയ്തു വരാറുണ്ട്. ഏഴ് തവണകളായാണ് സന്തോഷ് 159.5ഗ്രാം തൂക്കം വരുന്ന വള, മാല എന്നിവ പണയം വെച്ച് 7.80 ലക്ഷവും സന്തോഷിന്റെ അനുജനാണെന്ന് പരിചയപ്പെടുത്തിയ വിജയ് എന്നയാളെക്കൊണ്ട് 42.2 ഗ്രാം തൂക്കമുള്ള മാല പണയം വെച്ച് 1.90 ലക്ഷവും വാങ്ങിയിരുന്നു. സ്വർണ്ണം ഉരച്ച് പരിശോധിക്കാനായി സന്തോഷിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനാൽ സന്തോഷ് താമസിക്കുന്ന എടമുട്ടത്തുള്ള വാടക വീട്ടിൽ ചെന്നപ്പോഴാണ് ഇയാൾ ഭാര്യയും കുട്ടികളുമായി സ്ഥലം വിട്ടതായി മനസിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽ കുമാർ, എസ്.ഐ എബിൻ, ജി.എസ്.ഐ ഉണ്ണി, ജി.എ.എസ്.ഐ ഭരതനുണ്ണി എന്നിവരാണ് പ്രതിയെ പിടികൂടിയത്.