അയൽവാസിയെ വീട്ടിൽക്കയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
കയ്പമംഗലം: അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെരിഞ്ഞനം വെസ്റ്റ് സമിതി സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജിനെയാണ് (46) തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പെരിഞ്ഞനം വെസ്റ്റ് സമിതി നാരായണത്ത് വീട്ടിൽ സുഭാഷിന്റെ വീട്ടിലേക്ക് പ്രതി ഇരുമ്പുപൈപ്പുമായി അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ് വീട്ടിലെ കസേര തല്ലിപ്പൊളിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള മനോജ്, കയ്പമംഗലം, കൊടുങ്ങല്ലൂർ, മതിലകം, ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിലായി 24 ക്രിമിനൽക്കേസിൽ പ്രതിയാണ്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആർ.ബിജു, എസ്.ഐമാരായ ടി.അഭിലാഷ്, ജെയ്‌സൺ, മുഹമ്മദ് സിയാദ്, സി.പി.ഒമാരായ സുനിൽകുമാർ, ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.