പ്രതിപക്ഷ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ: നിയമനിർമ്മാണത്തിൽ ഗവർണർക്ക് പങ്കില്ലെന്ന്
ന്യൂഡൽഹി: ബില്ലുകളിൽ അടയിരിക്കുന്ന ഗവർണർമാരുടെ നിലപാടിനെ രൂക്ഷമായി എതിർത്തും,ബിൽ ലഭിച്ചു മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന വിധിയെ അനുകൂലിച്ചും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീകോടതിയിൽ. ഗവർണർ ഭരണഘടനയുടെ പ്രവർത്തനം തടസപ്പെടുത്തുന്ന നില വീണ്ടും കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ കെണിയിൽ കോടതി വീഴരുതെന്ന് ആവശ്യപ്പെട്ടു. സമയപരിധി നിശ്ചയിച്ച വിധിയെ കേന്ദ്രം എതിർക്കുന്നത് കെണിയാണ്. നിയമനിർമ്മാണത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് ബംഗാൾ,കർണാടക,ഹിമാചൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ അറിയിച്ചു.
രാഷ്ട്രപതിയും ഗവർണറും പേരിനു വേണ്ടി മാത്രമുള്ള പദവികളാണെന്ന് കർണാടക സർക്കാരിന് വേണ്ടി ഹാജരായ അഡ്വ. ഗോപാൽ സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി. എക്‌സിക്യൂട്ടീവ് അധികാരം ഗവർണർക്കുണ്ടെങ്കിലും,യഥാർത്ഥ എക്‌സിക്യൂട്ടീവ് അധികാരം കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലാണ് നിക്ഷിപ്‌തമായിരിക്കുന്നത്. ക്യാബിനറ്രുകൾക്കാണ് നിയമനിർമ്മാണത്തിന് ഉത്തരവാദിത്വം. ഗവർണർ ഭരണഘടനയ്‌ക്ക് അകത്തു നിന്നാണ് പ്രവർത്തിക്കേണ്ടതെന്നും കർണാടകം വ്യക്തമാക്കി. ഗവർണറുടെ അടയിരിക്കൽ ഭരണഘടനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പശ്ചിമബംഗാളിനു വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ പറഞ്ഞു. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിയെ തുടർന്ന് രാഷ്ട്രപതി സുപ്രീംകോടതിക്ക് റഫറൻസ് അയച്ചിരുന്നു. ഇതു നിലനിൽക്കുമോയെന്നതിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നലെ വാദം കേൾക്കുകയായിരുന്നു.
വാദം പറയാൻ
ആനന്ദ് ശർമ്മയും
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ ഇന്നലെ ഹിമാചൽ പ്രദേശിന് വേണ്ടി ഹാജരായത് കൗതുകമായി. ഏറെ വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം വക്കീൽ കോട്ടിട്ടത്. സുപ്രീംകോടതിയിൽ തിരികെയെത്താൻ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്ന് ആനന്ദ് ശർമ്മ പറഞ്ഞു. രാഷ്ട്രപതി കേന്ദ്ര മന്ത്രിസഭയുടെയും,ഗവർണർ സംസ്ഥാന ക്യാബിനറ്റിന്റെയും ഉപദേശ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടതെന്ന് വാദിച്ചു. വാദംകേൾക്കൽ 9ന് തുടരും.