യമുനയിൽ ജലനിരപ്പ് ഉയരുന്നു, 7,500ലേറെ ആളുകളെ മാറ്റിപ്പാർപ്പിച്ചു

Thursday 04 September 2025 12:49 AM IST

ന്യൂഡൽഹി: യമുനാ നദി കരകവിഞ്ഞൊഴുകിയതോടെ ഡൽഹിയുടെ ഒട്ടേറെ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ജലനിരപ്പ് ഇന്നലെ ഉച്ചയോടെ 207 മീറ്ററിന് (അപകടനില 205.33 മീറ്റർ) മുകളിലെത്തിയതിനെ തുടർന്ന് നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു. യമുന ഖഡർ, യമുനാ ബസാർ, മയൂർ വിഹാർ ഫേസ്-1, നിഗം ബോധ് ഘാട്ട്, മൊണാസ്റ്ററി മാർക്കറ്റ്, ഓൾഡ് ഉസ്മാൻപൂർ, ഗർഹി മെൻഡു തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. ഈ പ്രദേശങ്ങളിൽ നിന്ന് 7,500ലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഉത്തർപ്രദേശിലെ നോയിഡ, മഥുര എന്നിവിടങ്ങളിലും യമുനയിൽ ജലനിരപ്പുയർന്നത് സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനിടയാക്കി.

25 ഇടങ്ങളിലായാണ് ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്. താത്കാലികമായുണ്ടാക്കിയ ടെന്റുകളിലാണ് യമുനാതീരത്ത് നിന്ന് ഒഴിപ്പിച്ചവരെ താമസിപ്പിച്ചിരിക്കുന്നത്. ടെന്റുകൾ തികയാത്തതിനാൽ ഒട്ടേറെപ്പേർ നടപ്പാതകളിലും കഴിയുന്നു.

പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണന്നെും ഡൽഹി ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ മന്ത്രി പർവേഷ് വർമ പറഞ്ഞു. ഹരിയാനയിൽ കനത്ത മഴ പെയ്യുന്നതിനാൽ ബാരേജുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്നതും ജലനിരപ്പ് ഉയരുന്നതിന് കാരണമാണ്. ഡൽഹിയിലും ഗാസിയാബാദിലും നോയിഡയിലും ഗുരുഗ്രാമിലും ഇന്നലെയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.