ബി.ആർ.എസ് ഉപേക്ഷിച്ച് കവിത

Thursday 04 September 2025 12:57 AM IST

ഹൈദരാബാദ്: ബി.ആർ.സിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെ പാർട്ടി വിട്ട കെ. കവിത എം.എൽ.സി സ്ഥാനവും രാജിവെച്ചു. അച്ചടക്കം ലംഘിക്കുന്നതായി ആരോപിച്ച് സ്വന്തം പിതാവ് ബി.ആർ.സി ചെയർമാനുമായ കെ. ചന്ദ്രേശഖർ റാവുവാണ് കവിതയെ സസ്പെൻഡ‌് ചെയ്തത്.

ബി.ആർ.എസിനേയും കെ.സി.ആറിനേയും തകർക്കാൻ ഗൂഢാലോചന നടക്കുന്നതായി കവിത ഇന്നലേയും ആരോപിച്ചു. സഹോദരൻ കെ.ടി. രാമറാവിനും തന്റെ ഗതി വരുമെന്നും ബി.ആർ.എസ് നേതാക്കളായ ടി.ഹരീഷ് റാവു,സന്തോഷ് കുമാർ എന്നിവർക്ക് തനിക്കെതിരായ പാർട്ടി നടപടിയിൽ പങ്കുണ്ടെന്നും കവിത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുവരും കവിതയുടെ ബന്ധുക്കളാണ്. കെ.ടി.ആറാണ് പാർട്ടി വർക്കിംഗ് പ്രസിഡന്റ്. അതേസമയം മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുമെന്ന് കവിത വ്യക്തമാക്കിയിട്ടില്ല.

ബി.ആർ.എസിൽ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആഭ്യന്തര കലാപത്തിനിടെയായിരുന്നു സസ്‌പെൻഷൻ.ടി ഹരീഷ് റാവു,സന്തോഷ് കുമാർ എന്നിവർക്കെതിരെ നേരത്തെയും കവിത ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കെ.സി.ആറിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ബി.ആർ.എസിനെ ബി.ജെ.പിയിൽ കൊണ്ടുപോയി കെട്ടാൻ ശ്രമിച്ചു എന്നും കവിത വിമർശനം ഉന്നയിച്ചിരുന്നു.

പാർട്ടിക്കകത്ത് കവിതയ്ക്ക് എതിരെ വലിയ വികാരം ഉയർന്നതിന് പിന്നാലെയാണ് സസ്‌പെൻഷനിലേക്ക് പാർട്ടി കടന്നത്. ഡൽഹി മദ്യനയ അഴിമതിയിൽ കെ.കവിത അറസ്റ്റിലായതിന് പിന്നിലും ബി.ആർ.എസിലെ ചിലർക്ക് പങ്കുണ്ടെന്ന വിമർശനം ശക്തമാണ്. തെലങ്കാനയിൽ അധികാരം നഷ്ടമായതിന് പിന്നാലെ ബി.ആർ.എസ് കടന്ന് പോകുന്നത് സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കൂടിയാണ്. അതിനിടയിലാണ് ഉൾപ്പോര് രൂക്ഷമാകുന്നത്.

സ്ഥാനക്കയറ്റം ചോദിച്ചു; കിട്ടിയില്ല

പാർട്ടിയിൽ പ്രധാന സ്ഥാനം നൽകിയില്ലെങ്കിൽ ബി.ആർ.എസ് വിടുമെന്ന് കവിത നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതായി അഭ്യൂഹം ഉണ്ടായിരുന്നു. വർക്കിംഗ് പ്രസിഡന്റ് സ്ഥാനമാണ് കവിത ആവശ്യപ്പെട്ടത്. എന്നാൽ അഴിമതി ആരോപണത്തിൽപെടുന്ന കവിതയ്ക്ക് പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകുന്നതിനെ മറ്റ് സീനിയർ നേതാക്കൾ എതിർത്തു.

കഴിഞ്ഞ മേയിൽ കവിത കെ.സി.ആറിന് അയച്ച കത്ത് ചോർന്നിരുന്നു. ചില നേതാക്കളെ കുറിച്ചുള്ള ആരോപണങ്ങൾ ഉൾപ്പെടെ കത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. ഇത് ബി.ആർ.എസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാക്കിയത്. കാലേശ്വരം ജലസേചന പദ്ധതി അഴിമതിയിൽ മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന് കവിത ആരോപിച്ചിരുന്നു.