വർഗീയത ഏത് രൂപത്തിൽ ആയാലും വിനാശം: മുഖ്യമന്ത്രി
തിരുവനന്തപുരം: വർഗീയത ഏത് രൂപത്തിലായാലും അത് വിനാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എൻ.ഡി.പി യോഗം പെരിങ്ങമ്മല ശാഖ പണികഴിപ്പിച്ച ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് എസ്.എൻ.ഡി.പി യോഗം വഹിച്ച പങ്ക് നിർണായകമാണ്.
മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും ജാതി ചിന്തയും അതിന്റെ ഭാഗമായുള്ള വേർതിരിവുകളും നിലനിൽക്കുന്നു. ഗുരു പറഞ്ഞതിന് കടകവിരുദ്ധമായാണ് ഇന്ന് ചിലർ സനാതന ധർമ്മം പ്രചരിപ്പിക്കുന്നത്. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായി. എം.എൽ.എമാരായ എം.വിൻസെന്റ്, വി.ജോയി, വി.ശശി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ്, സെക്രട്ടറി തോട്ടം പി.കാർത്തികേയൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എസ്.ഹരികുമാർ, മുൻമന്ത്രി ഡോ.എ.നീലലോഹിതദാസൻ നാടാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്, പെരിങ്ങമ്മല ശാഖ പ്രസിഡന്റ് എസ്.കെ.ശ്രീകണ്ഠൻ, സെക്രട്ടറി എ.വി.അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.