പാകിസ്ഥാനിൽ മൂന്നിടങ്ങളിൽ സ്‌ഫോടനം: 25 മരണം
Thursday 04 September 2025 6:54 AM IST
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മൂന്നിടങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളിലായി 25 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് മൂന്ന് സ്ഫോടനങ്ങളുമുണ്ടായത്. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ (ബി.എൻ.പി) റാലിയ്ക്കിടെയായിരുന്നു സംഭവം. ബലൂചിസ്ഥാനിൽ തന്നെ ഇറാൻ അതിർത്തിയ്ക്ക് സമീപമായിരുന്നു രണ്ടാമത്തെ സ്ഫോടനം. ഇവിടെ 5 പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇതിനിടെ, ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ സൈനിക ബേസിന് നേരെ 'ഇത്തേഹാദ് ഉൽ-മുജാഹിദീൻ പാകിസ്ഥാൻ" ഗ്രൂപ്പ് നടത്തിയ ചാവേർ ആക്രമണത്തിൽ 6 സൈനികരും കൊല്ലപ്പെട്ടു.