ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങൾക്ക് പിന്തുണയുമായി ജർമ്മനി  വ്യാപാരം ഇരട്ടിയാക്കും

Thursday 04 September 2025 6:54 AM IST

ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നീക്കങ്ങൾക്ക് പിന്തുണയുമായി ജർമ്മനി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ജർമ്മൻ വിദേശകാര്യ മന്ത്രി ജൊഹാൻ വെയ്ഡ്ഫുലും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണിത്. ജർമ്മനിയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്നും ജർമ്മൻ കമ്പനികൾക്ക് ഇന്ത്യയിൽ പ്രത്യേക പരിഗണന നൽകുമെന്നും ജയശങ്കർ പറഞ്ഞു. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഉടൻ ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജയശങ്കർ പറഞ്ഞു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന് ജർമ്മനിയുടെ പിന്തുണയുണ്ടാകുമെന്ന് വെയ്ഡ്ഫുൽ വ്യക്തമാക്കി. ഇന്ത്യക്ക് ആഗോളതലത്തിൽ തന്ത്രപ്രധാന പങ്കുണ്ട്. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള നല്ല ബന്ധം ഇന്ത്യ ഉപയോഗപ്പെടുത്തണമെന്നും വെയ്ഡ്ഫുൽ പറഞ്ഞു.

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിൽ സഹകരിക്കാനുള്ള ജർമ്മനിയുടെ താത്പര്യത്തെ ജയശങ്കർ സ്വാഗതം ചെയ്തു. ഊർജ്ജമേഖലയിലും ഇന്ത്യയും ജർമ്മനിയും സഹകരിക്കും. ഇന്ത്യ-ജർമ്മനി ബന്ധം ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് നിർണായകമാണെന്നും ജയശങ്കർ പറഞ്ഞു. ജർമ്മൻ വിദേശകാര്യ മന്ത്രി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തി.