കുട്ടികളുടെ പ്രിയപ്പെട്ട പാനീയത്തിന് നിയന്ത്രണം; 16 വയസിൽ താഴെയുള്ളവർക്ക് ഇനി വാങ്ങാനാകില്ല

Thursday 04 September 2025 12:07 PM IST

പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോഴുള്ള മനുഷ്യരുടെ ജീവിതശൈലിയിൽ വളരെയേറെ മാറ്റം സംഭവിച്ചിട്ടുണ്ട്. അതിനാൽത്തന്നെ പ്രായമേറിയവരിൽ കണ്ടിരുന്ന പല രോഗങ്ങളും ഇന്ന് കുട്ടികളെ ബാധിക്കുന്നു. ജങ്ക് ഫുഡുകൾ സ്ഥിരമായി കഴിക്കുന്നതും ശീതളപാനീയങ്ങൾ കുടിക്കുന്നതും വ്യായാമം ഇല്ലാത്തതുമെല്ലാം ഇതിനൊരു കാരണമാണ്. റെഡ് ബുൾ, മോൺസ്റ്റർ, പ്രൈം തുടങ്ങിയ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുള്ള എനർജി ഡ്രിങ്കുകൾ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് വിൽക്കുന്നത് നിരോധിക്കാനൊരുങ്ങുകയാണ് യുകെ സർക്കാർ.

ഇന്നലെയാണ് പുതിയ നീക്കത്തെക്കുറിച്ച് സർക്കാർ അറിയിച്ചത്. വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും കുട്ടികളിലെ മരണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. കുട്ടികളിലെ പൊണ്ണത്തടി കുറയ്‌ക്കാൻ ഈ നിരോധനം വഴിവയ്‌ക്കുമെന്നും ഉറക്കം മെച്ചപ്പെടുത്തി പഠനത്തിൽ പുരോഗതിയുണ്ടാക്കാൻ ഇത് സഹായിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

പല്ല് നശിക്കുക, ശരീരഭാരം വർദ്ധിക്കുക, ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയാതെ വരിക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം എനർജി ഡ്രിങ്കുകളാണെന്ന് ആരോഗ്യവിദഗ്ദ്ധരും അദ്ധ്യാപകരും ദന്തഡോക്‌ടർമാരും വളരെക്കാലം മുമ്പുതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതിന് വളരെക്കാലമായി കാത്തിരുന്ന നടപടിയാണിതെന്നും പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.

നേരത്തേതന്നെ പല വലിയ സൂപ്പർമാർക്കറ്റുകളിലും 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ നൽകിയിരുന്നില്ല. പക്ഷേ, ചെറിയ കടകളിലും വെൻഡിംഗ് മെഷീനുകളിലും അവ ലഭ്യമായിരുന്നു. പുതിയ നിരോധനം വരുന്നതോടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് സ‌ർക്കാർ പറയുന്നത്. എന്തുകൊണ്ടാണ് എനർജി ഡ്രിങ്കുകൾ ഇത്രയും അപകടകാരിയാകുന്നതെന്ന് പരിശോധിക്കാം.

ലക്ഷ്യം സ്‌കൂൾ കുട്ടികൾ

പല സ്‌കൂൾ കുട്ടികളും എനർജി ഡ്രിങ്കുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. യുകെയിൽ കുറഞ്ഞത് ഏകദേശം 1,00,000 കുട്ടികൾ എല്ലാ ദിവസവും എനർജി ഡ്രിങ്ക് കുടിക്കുന്നുണ്ടെന്നാണ് സർവേകൾ കാണിക്കുന്നത്. 13 മുതൽ 16 വയസ് വരെയുള്ളവരിൽ മൂന്നിലൊരാൾ ദിവസവും എനർജി ഡ്രിങ്ക് കുടിക്കുന്നവരാണ്. 150 മില്ലിഗ്രാമിൽ കൂടുതൽ കഫീനടങ്ങിയ പാനീയങ്ങളുടെ ലേബലിൽ തന്നെ കുട്ടികൾക്ക് അനുയോജ്യമല്ല എന്ന് എഴുതിയിട്ടുണ്ട്. എന്നിരുന്നാലും കുട്ടികൾ ഇവ കുടിക്കുന്നത് ശീലമാക്കിയിരുന്നു. കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ് ശീതളപാനീയങ്ങളെല്ലാം വിപണിയിലിറക്കിയിരിക്കുന്നത്. മിന്നുന്ന പാക്കേജുകൾ, രസകരവും ആവേശകരവുമായ സുഗന്ധങ്ങൾ എന്നിവ കുട്ടികൾക്ക് ഇഷ്‌‌ടം തോന്നുന്നതാണ്.

''ഉയർന്ന കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ കുട്ടികൾക്കുള്ളതല്ല. ഇത് അവരുടെ ശാരീരിക, മാനസിക, ദന്ത ആരോഗ്യം നഷ്‌ടപ്പെടുത്തുന്നു. മദ്യവും സിഗരറ്റും വാങ്ങുന്നതിൽ നിന്ന് യുവാക്കൾ തടയുന്നതിനുള്ള ശ്രമം വിജയം കണ്ടു. അതുപോലെ ഈ ശ്രമവും വിജയമാകും'' - ബൈറ്റ് ബാക്ക് ഗ്രൂപ്പിലെ യുവ പ്രവർത്തക പറഞ്ഞു.

ദോഷം

പഞ്ചസാര, കഫീൻ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതാണ് കുട്ടികളിൽ പ്രശ്‌നമുണ്ടാകാനുള്ള പ്രധാന കാരണം. യുകെയിലെ പല കുട്ടികളും പ്രഭാത ഭക്ഷണത്തിന് പകരം ഒരു എനർജി ഡ്രിങ്ക് കുടിച്ചശേഷമാണ് ക്ലാസിൽ എത്തുന്നത്. ഇത് പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്.

2014ൽ നടത്തിയ ഒരു പഠനത്തിൽ, 1.2 ദശലക്ഷം കുട്ടികളെയും യുവാക്കളെയും പരിശോധിച്ചപ്പോൾ എനർജി ഡ്രിങ്കുകൾ കുടിക്കുന്നവരിൽ തലവേദന, ക്ഷീണം, ഉറക്കക്കുറവ്, ദേഷ്യം, സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയുൾപ്പെടെ ശാരീരികവും വൈകാരികവുമായ പ്രശ്‌നങ്ങൾ കണ്ടെത്തി. പൊണ്ണത്തടി, ഹൃദ്‌രോഗം എന്നിവയിലേക്ക് നയിക്കുകയും അകാലമരണത്തിന് പോലും കാരണമായേക്കാവുന്നതുമാണ്.

സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ ഇത്തരം പാനീയങ്ങൾക്ക് നേരത്തേ നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും കുട്ടികളിലെ മരണം വർദ്ധിച്ചുവരികയാണ്. ഇതിന് കാരണവും മോശമായ ഭക്ഷണശീലങ്ങളാണ്. ഇവയ്‌ക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ഭാവിയിൽ വളരെ മോശം സാഹചര്യത്തിലേക്ക് മാറും.