പിതാവിനെ സന്തോഷത്തോടെ ജയിലിലേക്ക് അയച്ച് മകൻ, പ്രശംസയുമായി സോഷ്യൽ മീഡിയ; വീഡിയോ

Thursday 04 September 2025 2:35 PM IST

അമരാവതി: പിതാവിന് ജയിലിലേക്ക് യാത്രയയ്പ്പ് നൽകുന്ന മകന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ഇതിന്റെ വീഡിയേ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മയക്കുമരുന്ന് കേസിൽ എട്ട് മാസമായി പിതാവ് ജയിലിൽ കഴിയുകയായിരുന്നുവെന്നാണ് യൂട്യൂബറായ ലോകേഷ് ചൗധരി തന്റെ വ്ളോഗിലൂടെ പറയുന്നത്.

പരോൾ കാലാവധി കഴിയുന്ന അവസാന ദിവസമാണിതെന്നും വൈകുന്നേരം അഞ്ച് മണിക്ക് പിതാവിനെ ജയിലിൽ വിടേണ്ടി വന്നുവെന്നും ചൗധരി പറയുന്നു. ഒരു മിനിട്ട് വൈകി എത്തിയാൽപ്പോലും അധികൃതർ അച്ഛന്റെ പേരിലുള്ള ലഹരി കൂടുതൽ സങ്കീർണ്ണമാക്കുകയും ജാമ്യം വൈകിപ്പിക്കുകയും ചെയ്യുമെന്നും ലോകേഷ് പറഞ്ഞു.

വൈകുന്നേരം നാല് മണിയോടെ ജയിലിലേക്ക് തിരികെ പോകുന്നതിന് മുമ്പ് പിതാവ് കുടുംബവുമായും സുഹൃത്തുക്കളുമായും ചെലവഴിക്കുന്ന നിമിഷങ്ങളും ലോകേഷ് പങ്കുവയ്ക്കുന്നു. വൈകുന്നേരം അഞ്ച് മണിയോടെ ലോകേഷ് ജയിൽ പരിസരത്ത് എത്തി യാത്രയയ്പ്പ് നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ പിതാവ് ജയിലിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.