'ആ നൂറ് കോടി എന്ത് ചെയ്യും?' ശ്രദ്ധേയമായി ദുൽഖറിന്റെ മറുപടി

Thursday 04 September 2025 3:30 PM IST

ആഗോള ബോക്സ് ഓഫീസ് കളക്ഷനുകളുടെ ചരിത്രം തിരുത്തിയെഴുതാൻ കുതിക്കുകയാണ് ദുൽഖർസൽമാൻ നിർമ്മിച്ച ലോക. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലും പുതു ചരിത്രം കുറിക്കുകയാണ് മോളിവുഡിന്റെ സ്വന്തം സൂപ്പ‌ർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സ് ‌. ഏഴ് ദിവസം കൊണ്ട് 101 കോടിയാണ് ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വെഫെയർ ഫിലിംസ് അണിയിച്ചൊരുക്കിയ 'ലോക- ചാപ്റ്റർ1- ചന്ദ്ര' നേടിയത്.

ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം ആറ് ദിവസം കൊണ്ടാണ് നൂറ്കോടി ക്ലബിൽ ഇടംപിടിച്ചത്. ഇപ്പോഴിതാ സിനിമയുടെ സക്സസ് മീറ്റിൽ നി‌ർമ്മാതാവ് കൂടിയായ നടൻ ദുൽഖർ പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്.

'ലോക'യിൽ നിന്ന് കളക്ട് ചെയ്യുന്ന പണം രണ്ടാം ഭാഗം ചിത്രീകരിക്കാനാണെന്ന് ദുല്‍ഖര്‍ പറയുന്നു. ഈ 100 കോടിയിൽ അടുത്തതായി നിര്‍മ്മിക്കാന്‍ പോകുന്ന സിനിമ ഏതാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 'തീർച്ചയായും ലോകയുടെ രണ്ടാം ഭാഗത്തിനാണ് ഈ 100 കോടി രൂപ ചെലവഴിക്കുക. അധികം പണമൊന്നും ഞങ്ങൾ ചെലവാക്കുന്നില്ല. കൂടുതൽ ബഡ്ജറ്റും ഉപയോഗിക്കുന്നില്ല. അതിനാൽ ഈ പണം മുഴുവൻ രണ്ടാം ഭാഗത്തിനായി ഉപയോഗിക്കും' ദുൽക്കർ പറഞ്ഞു.

കുട്ടിക്കാലം മുതൽ നമ്മൾ കേട്ട് വളർന്ന കഥകളിലെ ചാത്തനെയും മാടനെയുമൊക്കെ സൂപ്പർ ഹീറോ വേഷത്തിൽ, കാലഘട്ടത്തിനനുസരിച്ചുള്ള പുതുമകളോടെ സ്ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാളത്തിന്റെ തനതായ സൂപ്പർ യൂണിവേഴ്സിനാണ് ലോകയിലൂടെ ആരംഭം കുറിച്ചിരിക്കുന്നത്.