അമ്മയെ ആക്രമിച്ചത് ചോദ്യംചെയ്ത മകളെ വെട്ടാൻ ശ്രമിച്ചു, പിതാവ് അറസ്റ്റിൽ
കണ്ണൂർ: മകളെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. 22കാരിയായ മകളെ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചതിന് കരിവെള്ളൂർ സ്വദേശി കെ വി ശശിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ ഉപദ്രവിച്ചത് മകൾ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ആക്രമണം.
തിങ്കളാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. മദ്യപാനിയായ ശശി വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. സംഭവദിവസം ശശി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുകയും പിന്നീടിത് കയ്യാങ്കളിയിൽ എത്തുകയും ചെയ്തു. ഭാര്യയെ ശശി മർദ്ദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ മകളെ വാളുകൊണ്ട് വെട്ടാൻ ശ്രമിക്കുകയായിരുന്നു. കഴുത്തിനുനേരെ വാളോങ്ങിയെങ്കിലും യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശശി മകളെയും മർദ്ദിച്ചു. പരിക്കേറ്റ അമ്മയും മകളും കരിവെള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.