വെള്ളത്തിലായി ഉത്രാട പുലരി; മഴ മാറിയാൽ തിരുവോണം കളറാകും
കണ്ണൂർ :ഇന്നലെ പുലർച്ചെ മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴ ഉത്രാടം വെള്ളത്തിലാക്കി.ഉച്ചയോടെ മഴ മാറി മാനം തെളിഞ്ഞെങ്കിലും വിവിധ സ്ഥാപനങ്ങളിലും മറ്റും ഉത്രാട ദിനം ആഘോഷിക്കാൻ രാവിലെ തന്നെ പുറപ്പെട്ടവരേയും സാധനങ്ങൾ വാങ്ങാൻ നഗരത്തിലെത്തിയവരേയും മഴ വെട്ടിലാക്കി. നഗരത്തിലെ തെരുവുകച്ചവടക്കാരെയും കാലാവസ്ഥ പ്രതിസന്ധിയിലാക്കി.
പൂക്കച്ചവടക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. കനത്ത മഴയിൽ പൂക്കൾ വലിയതോതിൽ നശിച്ചു പോയി.സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനും കഴിയാത്ത സ്ഥിതിയായിരുന്നു. കച്ചവടത്തിന്റെ അവസാന ദിനമായതിനാൽ വലിയ പ്രതീക്ഷയോടെ നിന്ന പൂ കച്ചവടക്കാർക്ക് പ്ലാസ്റ്റിക്ക് ഷീറ്റ് മാത്രമായിരുന്നു ആകെയുള്ള ആശ്രയം.
തലേന്നാൾ രാത്രി മുതൽ നിർത്താതെ പെയ്ത മഴ കാരണം ഉത്രാട ദിനത്തിൽ പുറത്തിറങ്ങാൻ കഴിയുമോ എന്ന ആശങ്കയായിരുന്നു പൊതുവെ. ഉച്ചയോടെയാണ് മഴക്ക് ശമനമുണ്ടായത്. ഉച്ചവരെ കണ്ണൂർ നഗരത്തിൽ വലിയ തോതിൽ തിരക്കും അനുഭവപ്പെട്ടില്ല. എന്നാൽ ഉച്ചയോടെ നഗരം സജീവമായി.
തിരുവോണത്തിനും മഴ ഭീഷണി
തിരുവോണ ദിവസമായ ഇന്നും കേരളത്തിൽ എല്ലായിടത്തും മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഉത്രാട ദിനത്തെ അപേക്ഷിച്ച് കുറവായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒന്നോ രണ്ടോ പ്രാവശ്യം മഴ ദീർഘമായ ഇടവേളകളിൽ ഇന്ന് വടക്കൻ ജില്ലകളിലുണ്ടാകും.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് അതിശക്തമായ മഴയ്ക്ക് പിന്നിൽ.
പൊടിപൊടിക്കും കാറ്ററിംഗ് സമയമില്ലെന്ന കാരണത്താൽ ഓണസദ്യ ഉണ്ടാക്കാൻ മടിക്കുന്നവർക്കായി പലതരം ഓഫറുകളുമായാണ് ഇക്കുറി ഭക്ഷണവിതരണക്കാർ രംഗത്തുള്ളത്. സദ്യയുടെ വില 230 മുതൽ 450 വരെയാണ് . അഞ്ച് പേർക്കുള്ള സദ്യക്ക് 1300 മുതൽ 2000 വരെയാണ് നിരക്ക്. ഉപ്പേരി, ശർക്കര വരട്ടി, നാരങ്ങ,മാങ്ങ അച്ചാറുകൾ, കിച്ചടി ,പച്ചടി, കൂട്ടുകറി, അവിയൽ,തോരൻ, ഇഞ്ചിക്കറി, കാളൻ, രസം, മോര്, എന്നിങ്ങനെ വിഭവസമൃദ്ധമായ സദ്യ ഇലയിൽ കഴിക്കാം. രണ്ടുകൂട്ടം പായസവും ഉണ്ടാകും. ഇതിന് പുറമേ കുടുംബശ്രീയുടെ നേതൃത്വത്തിലും ഓണസദ്യ വീട്ടിലെത്തിക്കുന്നുണ്ട്. കുടുംബശ്രീയുടെ ഓണസദ്യയുടെ വില 149 രൂപ മുതൽ 349 രൂപ വരെയാണ്.
വാഴയില തൊട്ടാൽ പൊള്ളും ഓണസദ്യ വാഴയിൽ വിളമ്പാൻ വലിയ വില കൊടുക്കണം.നൂറ് ഇല ഉൾക്കൊള്ളുന്ന ഒരു കെട്ടിനു 3000മുതൽ 4000 രൂപ വരെയാണു വില. രണ്ടാഴ്ച മുമ്പുവരെ ഒരു കെട്ടിന് 1000 രൂപയായിരുന്നു. ഒരു മുഴുവൻ ഇലയിൽ നിന്ന് ഒരു നാക്കില മാത്രമാണു മുറിച്ചെടുക്കാനാവുകയുള്ളു. ഇത്തരത്തിൽ ഒരു കെട്ടിൽ നിന്നു 70മുതൽ 80 വരെ നാക്കില മാത്രമാണ് കിട്ടുന്നത്. രണ്ടാഴ്ച മുമ്പു വരെ 5 രൂപയുണ്ടായിരുന്ന ഒരു നാക്കിലക്ക് ഇപ്പോൾ 10മുതൽ 12 രൂപ വരെ നൽകണം.
ഇവിടെ നോൺവെജ് ഓണവും
മലബാറുകാർക്ക് നോൺവെജ് വിഭവങ്ങൾ കൂടി ചേർന്നതാണ് ഓണസദ്യ. മത്സ്യ- മാംസ വിപണിയിലും അതുകൊണ്ടുതന്നെ പിടിവലിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കച്ചവടം പൊടിപൊടിക്കുകയാണ്. പൊള്ളുന്ന വില നൽകിയാലും പൊതുവെ ഫ്രഷ് മത്സ്യവും ഇപ്പോൾ കിട്ടുന്നുണ്ട്.മത്തി 200 ,അയല 200,ചെമ്മീൻ 500 (വലുത് )അയക്കൂറ 700,ആവോലി 650 എന്നിങ്ങനെയാണ് വില.ഒപ്പം ചിക്കനും ബീഫുമെല്ലാം നന്നായി വിറ്റഴിക്കപ്പെടുന്നുണ്ട്.ചിക്കന് കിലോക്ക് 160 ആണ് വില.