എരമത്തെ അപകടമരണത്തിൽ ദുരൂഹതയും; ഉത്രാടപ്പുലരിയിൽ പൊലിഞ്ഞത് മൂന്നു യുവാക്കളുടെ ജീവനുകൾ

Thursday 04 September 2025 6:52 PM IST

കണ്ണൂർ: ജില്ലയിൽ ഉത്രാടം പുലർന്നത് മൂന്ന് മരണവാർത്തകൾ കേട്ടാണ്.രണ്ട് ബൈക്ക് അപകടങ്ങളിലായി മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. എം.എം.വിജയനും(50) രതീഷും (40) മാതമംഗലം എരമത്ത് നടന്ന അപകടത്തിലും എം.കെ.നിഹാൽ (21) മയ്യിൽ പള്ളിയത്ത് നടന്ന അപകടത്തിലുമാണ് മരിച്ചത്.

ഉത്രാടതലേന്ന് രാത്രി ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് നടന്നുപോകുന്നതിനിടെ വിജയനും രതീഷും അപകടത്തിൽ പെട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി 11.45 ഓടെ റോഡിൽ ബോധമില്ലാതെ കിടക്കുന്ന കണ്ട ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അടുത്തു തന്നെ ഒരു ബൈക്കും ബൈക്കോടിച്ചിരുന്ന ശ്രീദുൽ എന്ന യുവാവും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. റോഡിൽ കിടക്കുന്നവരെ കണ്ട് വെട്ടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമെന്ന യുവാവിന്റെ വെളിപ്പെടുത്തലോടെ അപകടത്തിൽ ദുരൂഹതയേറിയിട്ടുണ്ട്.

ഒരു ബൈക്കിടിച്ച് രണ്ട് മരണം?​

ഒരു ബൈക്കിടിച്ച് എങ്ങനെ രണ്ട് പേർ മരിച്ചെന്ന വലിയ ചോദ്യമാണ് പെരുന്തട്ടയിൽ നടന്ന അപകടത്തിൽ അവശേഷിക്കുന്ന ചോദ്യം. ദുരൂഹതയുള്ളതിനാൽ പെരിങ്ങോം പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിച്ചെന്നാണ് പ്രദേശവാസി പൊലീസിന് നൽകിയ മൊഴി.എന്നാൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ മൊഴി സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്.

ദഫ് പഠിപ്പിച്ച് മടങ്ങി,​ മരണത്തിലേക്ക്

മഴകാരണം ബൈക്ക് റോഡിൽ തെന്നിവീണാണ് പാറാൽ പള്ളിയത്തെ പള്ളിയത്ത് പറമ്പിൽ ഹൗസിൽ എം.കെ നിഹാൽ (21) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പള്ളിയത്ത് വെച്ചാണ് അപകടം. നബിദിനത്തിനോടനുബന്ധിച്ച് പടന്നോട്ട് വിദ്യാർത്ഥികളെ ദഫ് പഠിപ്പിച്ച് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഉടൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എസ്.കെ.എസ്.എസ്.എഫ് പള്ളിയത്ത് ശാഖാ മുൻ സർഗലയം സെക്രട്ടറിയായിരുന്നു നിഹാൽ. കൊയ്യോട്ടുപാലം ശ്രുതി ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. പിതാവ്: വട്ടളാം കണ്ടി സമീർ. മാതാവ്: ഖദീജ. സഹോദരി: നിദ ഫാത്തിമ. മൃതദേഹം ഇന്നലെ മാണിയൂർ പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.