വാഴ കുലയ്ക്ക് വിലയില്ലെങ്കിലും ഇലക്ക് വിലയുണ്ട്

Friday 05 September 2025 10:25 PM IST
വിൽപ്പനയ്ക്കായി കെട്ടാക്കി വെച്ചിരിക്കുന്ന വാഴയില

കൽപ്പറ്റ: വിഭവസമൃദ്ധമായ സദ്യ വിളമ്പാൻ വാഴയില ഒഴിച്ചുകൂടാൻ ആകാത്തതാണ്. അതിനാൽ തന്നെ ഓണക്കാലത്ത് വാഴയിലക്ക് വൻ ഡിമാൻന്റാണ്. നേന്ത്രക്കുലയുടെ വില കൂപ്പുകുത്തിരിക്കുന്ന സാഹചര്യത്തിൽ വാഴയിലയ്ക്ക് മികച്ച വില ലഭിക്കുന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. കടലാസിലും പ്ലാസ്റ്റിക്കിലും ഉള്ള റെഡിമെയ്ഡ് ഇല ലഭിക്കുമെങ്കിലും സദ്യക്ക് കൂടുതൽ പേരും ആശ്രയിക്കുന്നത് വാഴ ഇലയെ തന്നെയാണ്. പ്രത്യേകിച്ച് ഇത്തവണ ഹരിത ഓണമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ പരിപാടികളിൽ അടക്കം ഇലയാണ് സദ്യക്ക് ഉപയോഗിക്കുന്നത്. മൂന്നു രൂപ വരെ ഒരു ഇലയ്ക്ക് ഇപ്പോൾ വില ലഭിക്കുന്നുണ്ട്. 50 എണ്ണം അടങ്ങിയ കെട്ടിന് 150 രൂപ തോതിലാണ് വിൽപ്പന നടത്തുന്നത്. ഓണം കഴിഞ്ഞാൽ ഡിമാൻഡ് കുറയുമെങ്കിലും ശരാശരി വരുമാനം ഇല വിൽപ്പനയിലൂടെ ലഭിക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. ഇതര ജില്ലകളിലേക്കും വയനാട്ടിൽ നിന്നും വാഴയില കയറ്റി പോകുന്നുണ്ട്. നേരിട്ട് കയറ്റുമതി ചെയ്യുകയാണെങ്കിൽ വരുമാനം കൂടും. നല്ല വലിപ്പവും പച്ചപ്പുമുള്ള ഇലയ്ക്കാണ് കൂടുതൽ ഡിമാൻഡ്. വലിപ്പം കുറയുന്നതിനനുസരിച്ച് വിലയും കുറയും. റെഡിമെയ്ഡ് ഇലക്ക് ഏഴു രൂപ വരെ വിലയുണ്ട്. അതിനാൽ തന്നെ ഇലയാണ് ലാഭകരം. വാഴ കുലയ്ക്ക് പുറമെ വാഴ ഇലയും കൃത്യമായി വിൽപ്പന നടത്താൻ കഴിഞ്ഞാൽ വരുമാനം കൂടുമെന്ന് പ്രതീക്ഷയിലാണ് കർഷകർ.