നിരീക്ഷണം ശക്തം, ആഘോഷം അതിരുവിട്ടാൽ അകത്താകും

Friday 05 September 2025 2:45 AM IST

ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിലാകമാനം സുരക്ഷ ശക്തമാക്കി പൊലീസ്. ഓണാഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കും.

ആലപ്പുഴ നഗരത്തിലും ജില്ലയിലെ പ്രധാന ടൗൺഷിപ്പുകളിലും ഗതാഗതക്കുരുക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നതും അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും നിയന്ത്രിക്കാനും വാഹന പരിശോധന ശക്തമാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.ഐ മാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ വിപുലമായ പട്രോളിംഗ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിൽ കോടതിപ്പാലം പെളിച്ചതിനെ തുടർന്നുള്ള ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഔട്ട് പോസ്റ്റ്, കല്ലുപാലം, ഇരുമ്പ് പാലം, മുല്ലയ്ക്കൽ, പിച്ചു അയ്യർ ജംഗ്ഷനുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. രണ്ട് ദിവസമായി ഗതാഗത കുരുക്ക് രൂക്ഷമായ അരൂർ- തുറവൂർ റോഡിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇത് കൂടാതെ ചേർത്തല, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര ‌ടൗണുകളിലും ദേശീയ പാതയിലും അർദ്ധരാത്രിവരെ മുഴുവൻ സമയ പട്രോളിംഗിന് നിർദേശം നൽകിയിട്ടുണ്ട്.

തിരക്കുള്ളിടങ്ങളിൽ ഷാഡോ പൊലീസ്

 ഓണച്ചന്തകൾ നടക്കുന്ന സ്ഥലങ്ങളിലും ടൗണുകളിലെ ഓണക്കച്ചവട കേന്ദ്രങ്ങളിലും ഷാഡോ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്

 ബീച്ചുകളിലും ടൂറിസം പൊലീസിന്റെയും ലോക്കൽ പൊലീസിന്റെയും നിരീക്ഷണമുണ്ട്

 ക്ളബ്ബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും ഓണപരിപാടി നടക്കുന് സ്ഥലങ്ങളിലെല്ലാം മഫ്തി പൊലീസിനെ ഏർപ്പെടുത്തി

 കൺട്രോൾ റൂം വാഹനങ്ങളും പിങ്ക് പട്രോൾ , ഹൈവേ പൊലീസ് വാഹനങ്ങളും പട്രോളിംഗിനുണ്ടാകും

രാത്രി 10ന് ശേഷം പരിപാടി പാടില്ല

.രാത്രി 10ന് ശേഷം പരിപാടികൾ നടത്താൻ പാടില്ലെന്നും ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓണപ്പരിപാടികളുടെ സംഘാടകർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വലിയ ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കുന്നതിന് പുറമേ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തി. ബസ് സ്റ്രാന്റുകൾ, റെയൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ട്രെയിനുകളിലും പൊലീസിന്റെ പരിശോധനയുണ്ടാകും.