ഉത്രാടപ്പാച്ചിൽ കഴിഞ്ഞു, ഇന്ന് തിരുവോണം

Friday 05 September 2025 12:07 AM IST

ആലപ്പുഴ ; ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ കൂടി അനുകൂലമായതോടെ ഇന്നലെ വസ്ത്രശാലകളിലും, പൂക്കടകളിലും, പച്ചക്കറി കടകളിലും കച്ചവടം പൊടിപൊടിച്ചു. ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്നവരെയും സ്വന്തം നാട്ടിലേക്ക് പോകുന്നവരെയും കൊണ്ട് റെയിൽവേ സ്റ്റേഷനും, ബസ് സ്റ്റേഷനുകളും നിറഞ്ഞു. അവസാനവട്ട ഒരുക്കങ്ങൾക്കായി ജനങ്ങൾ പാച്ചിലാരംഭിച്ചതോടെ നഗരങ്ങളിൽ ഗതാഗത കുരുക്കും രൂക്ഷമായി. കഴിഞ്ഞ മൂന്ന് ദിവസങ്ങൾ ഉദ്യോഗസ്ഥരെല്ലാം അതത് തൊഴിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഓണാഘോഷത്തിന്റെ തിരക്കിലായിരുന്നു. ഇന്നലെയും ഇന്നും നാളെയുമാണ് നാട്ടിൻ പുറങ്ങളിലെ ക്ലബ്ബുകൾ കേന്ദ്രീകരിച്ചുള്ള ഓണാഘോഷം.

പൊതു അവധി ദിവസമായ ഇന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ്, ആതുരാലയങ്ങൾ, പൊതുഗതാഗതം, പ്രധാന ഹോട്ടലുകൾ, ഫയർ ഫോഴ്സ് തുടങ്ങിയ വിഭാഗങ്ങളും ആലപ്പുഴയിലെ ടൂറിസം മേഖലയും സജീവമായി ഉണ്ടാകും.

മെഷീനി​ൽ നി​ന്ന് കാലെടുക്കാൻ സമയം കി​ട്ടാത്തത്ര തി​രക്കി​ലായിരുന്നു ഓണക്കാലത്ത് തയ്യൽ തൊഴി​ലാളി​കൾ.

തിരുവോണ ദിവസം അണിയാനുള്ള പല വസ്ത്രങ്ങളും തയ്യാറാക്കി നൽകിയത് ഉറക്കമി​ളച്ചാണെന്ന് തയ്യൽക്കാർ പറഞ്ഞു.

റെഡിമെയ്ഡ് സദ്യയെത്തും

അവധിയില്ലാത്ത തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന അന്യജില്ലക്കാർക്കടക്കം ഇന്നത്തെ ദിവസം റെഡിമേയ്ഡ് സദ്യ വലിയ ആശ്വാസം പകരും. ഇല ഉൾപ്പടെ 130 രൂപ മുതൽ റെഡിമേയ്ഡ് സദ്യ വിപണിയിലുണ്ട്. പ്രധാന ഹോട്ടലുകളിൽ രണ്ട് തരം പായസമുൾപ്പടെ തിരുവോണ സദ്യയും ലഭിക്കും. അടുക്കളയിൽ മണിക്കൂറുകളോളം നിന്ന് കഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഇൻസ്റ്റന്റ് സദ്യ ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. സ്വസ്ഥമായി ഓണപ്പരിപാടികൾ ആസ്വദിക്കാനും പങ്കുകൊള്ളാനും സാധിക്കുമെന്നതാണ് ഇൻസ്റ്റന്റ് സദ്യ ലഭിക്കുന്നതിന്റെ ഗുണമെന്ന് വീട്ടമ്മമാ‌ർ പറയുന്നു. തിരുവോണ ദിനമായ ഇന്ന് ബിവറേജസ് ഷോപ്പുകൾക്ക് അവധിയായതിനാൽ വലിയ തിരക്കാണ് ഇന്നലെ മദ്യശാലകളിൽ അനുഭവപ്പെട്ടത്. സംസ്ഥാനത്ത് റെക്കാഡ് മദ്യ വിൽപ്പന രേഖപ്പെടുത്തുന്ന ദിനങ്ങളിലൊന്നാണ് ഉത്രാടം.