നഷ്ടക്കണക്ക് വിനയായി, നെൽകൃഷിയിൽ കുറവ്

Friday 05 September 2025 1:18 AM IST

ആലപ്പുഴ: ഉത്പാദനച്ചെലവിന് ആനുപാതികമായി നെല്ലിന്റെ വില കൂട്ടാനോ സംഭരിച്ച നെല്ലിന്റെ വില യഥാസമയം ലഭ്യമാക്കാനോ സർക്കാർ തയ്യാറാകാതിരിക്കെ കുട്ടനാട്ടിലുൾപ്പെടെ നെല്ലുത്പാദനം കുറയുന്നു. ഇത്തവണ രണ്ടാംകൃഷി പതിവിലും താമസിച്ചതോടെ വിളവെടുപ്പും നെല്ല് സംഭരണവും നീണ്ടാൽ നവംബറിൽ ആരംഭിക്കേണ്ട പുഞ്ചകൃഷിയിൽ മുൻവർഷത്തേക്കാളും കർഷകരുടെ എണ്ണം കുറയും.

നാലുവർഷത്തിനുള്ളിൽ വിത മുതൽ കൊയ്ത്തുവരെ ചെലവ് വർദ്ധിച്ചിട്ടും നെൽവില ഉയർത്തിയിട്ടില്ല. വിതമുതൽ 120 ദിവസം വരെ നീളുന്ന നെല്ലുൽപ്പാദനത്തിന്റെ ഒന്നാംഘട്ടത്തിലും അതിനുശേഷം കൊയ്ത്തിൽ തുടങ്ങി സംഭരണത്തിൽ അവസാനിക്കുന്ന രണ്ടാംഘട്ടത്തിലുമായുള്ള കൂലി വർദ്ധന നെല്ലിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ അപര്യാപ്തമാണ്. ഒരേക്കറിലെ നെല്ലിന് 40,​494 രൂപയാണ് ശരാശരി ലഭിക്കുന്നത്.

കഴിഞ്ഞ നാലു വർഷങ്ങളായി കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച എം.എസ്.പി ആനുകൂല്യമായ 4.32രൂപ തടഞ്ഞു വയ്ക്കുകയും നെൽവില സംസ്ഥാനം ഉയർത്താതിരിക്കുകയും ചെയ്തതിനാൽ കിലോഗ്രാമിന് 28 രൂപ 20 പൈസയാണ് കർഷകർക്ക് വിലയായി ലഭിക്കുന്നത്. പുതിയ ഐ.ആർ.സി തീരുമാനത്തോടെ, ഒരേക്കറിലെ ഉൽപാദനച്ചെലവ് 1200 രൂപയിലധികം വർദ്ധിക്കും. ഏക്കറിന് ശരാശരി 20 ക്വിന്റലാണ് നെല്ലുൽപാദനമെങ്കിൽ ഒരു ക്വിന്റൽ നെല്ലിന് കർഷകർ 85 രൂപയോളംഅധികമായി ചെലവഴിക്കണം.

നെല്ല് നൽകാൻ കഴിയാതിരുന്ന കർഷകർ 29,​629

1.കൂലിവർദ്ധനയുൾപ്പെടെ ചെലവുകൾ താങ്ങാൻ കഴിയാത്ത സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും ഓരുവെള്ളവും കാരണം കുട്ടനാട്ടിലെ പത്ത് ശതമാനത്തോളം കർഷകർ കൃഷി നിർത്തി

2.പാട്ടകൃഷി നടത്തുന്നവരും നഷ്ടം കാരണം പിൻവാങ്ങുകയാണ്.സപ്ളൈകോ പുറത്തുവിട്ട കഴിഞ്ഞസീസണിലെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം നെല്ല് സംഭരണത്തിന് രജിസ്റ്റർ ചെയ്ത 29,​629 കർഷകർക്ക് സീറോ പ്രൊഡക്ഷനാണ് സൈറ്റിൽ രേഖപ്പെടുത്തിയത്

3.ഉൽപ്പാദന തകർച്ചകാരണം ഒരു മണി അരിപോലും കൈമാറാൻ കഴിയാത്തവരാണിത്. 39,​607.28 ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന കാൽലക്ഷത്തിലധികം വരുന്ന കർഷകർ കൃഷിയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ചിടത്താണ് ഒരു രൂപപോലും വരുമാനമില്ലാതെ നിരാശരായത്

4.കൂലി- വളംവിലവർദ്ധനയുൾപ്പെടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉൽപ്പാദനചെലവേറിയ കേരളത്തിൽ നെല്ലിന്റെ വില വർദ്ധിപ്പിക്കാതെ തരമില്ലെന്നാണ് കർഷകരുടെ നിലപാട്

നിലവിലെ കൂലി

ആണാൾ........₹1250

പെണ്ണാൾ............ ₹720--725 (ഓട്ടോക്കൂലി, ഭക്ഷണചിലവുൾപ്പെടെ)

ഒരു ഏക്കറിലെ കൂലി വർദ്ധന ഇങ്ങനെ

വിത്ത് ചുമടുമുതൽ കിളിർപ്പുവരെ ...............₹50

വരമ്പുവെട്ട് .. 2പേർ.........................................₹100

കൈച്ചാൽ..... 2പേർ........................................₹100

പറിച്ചുനടീൽ, അരികും മൂലയുംചെത്തൽ...₹250

വിത..................2പേർ.........................................₹100

വളപ്രയോഗം......രണ്ടരത്തവണ...2പേർ.......₹250

കീടനാശിനി........................................................₹ 250

കൊയ്തനെല്ലുവാരൽ...........................................₹50

വള്ളക്കൂലി, ചുമട്ടുകൂലി.....................................₹100

ആകെ..................................................................₹1250

കൃഷി ദൈനംദിനം നഷ്ടത്തിലേക്ക് നീളുയാണ്. ഒരുകിലോ നെല്ലിന് കേരളത്തിൽ 40 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ പോകാൻ കഴിയൂ. നെൽവില വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ നിരവധി കർഷകർ കൃഷിയിൽ നിന്ന് പിൻവാങ്ങി

- ലാലിച്ചൻ,​നെൽകർഷകൻ