നഗരവീഥികൾ ഫുൾ ഓണം വൈബിൽ
തിരുവനന്തപുരം: 'പണ്ടത്തെ ഓണമായിരുന്നു ഓണം. ഊഞ്ഞാലും പുലികളിയുമൊക്കെയുള്ള ഓണം. ഇപ്പോൾ ഒരു രസവുമില്ല'.
ആ പറഞ്ഞവരെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ...ഊഞ്ഞാലും പുലികളിയും മാത്രമല്ല മാവേലിയും തിരുവാതിരക്കളിയും തുമ്പിതുള്ളലും വരെ ഇവിടെയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ഓണാഘോഷം...നമ്മുടെ തലസ്ഥാനത്താണ് !
തിരുവോണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്നതിനിടയിലും ഉത്രാടനാളായ ഇന്നലെ നഗരഹൃദയത്തിലേക്ക് തലസ്ഥാനം ഒഴുകിയെത്തി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണം വാരാഘോഷം ആരംഭിച്ചതോടെ നഗരവീഥികളാകെ ഫുൾ ഓണം വൈബിലാണ്.
കനകക്കുന്ന്,നിശാഗന്ധി ഓഡിറ്റോറിയം,മ്യൂസിയം,സെൻട്രൽ സ്റ്റേഡിയം,പൂജപ്പുര ഗ്രൗണ്ട്,ഭാരത് ഭവൻ,വൈലോപ്പിള്ളി സംസ്കൃതി ഭവൻ,ശംഖുംമുഖം ഉൾപ്പെടെ 33 വേദികളാണ് തലസ്ഥാനത്ത് ഓണം വാരാഘോഷത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.
വേദികളിൽ നിന്നും വേദികളിലേക്ക് നീങ്ങി തോൽപ്പാവക്കൂത്തും ദഫ്‌മുട്ടും ഓട്ടൻതുള്ളലും ശീതങ്കൻതുള്ളലുമൊക്കെ കാണവേ, കലോത്സവത്തിന്റെ പ്രതീതിയും നഗരവാസികൾക്ക് കൈവന്നു. സൂര്യകാന്തി ഓഡിറ്റോറിയത്തിൽ ഗാനമേളയും കനകക്കുന്ന് ഗേറ്റിലെത്തിയവരെ പഞ്ചാരിമേളവും പഞ്ചവാദ്യവും വരവേറ്റു. കനകക്കുന്നിലും വെള്ളയമ്പലം ഭാഗത്തും വൈദ്യുതി ദീപാലങ്കാരവും കൂടി ചേർന്നപ്പോൾ ഉത്സവമേളത്തിന് പൂർണത ലഭിച്ചു. മാനവീയം വീഥിയിലും സാംസ്കാരിക കൂട്ടായ്മകൾ ഒത്തുച്ചേർന്നു.
സർക്കാർ സ്ഥാപനങ്ങളിൽ ദീപാലങ്കാരം റെഡിയായിക്കഴിഞ്ഞു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ദീപാലങ്കാരം അധികം വൈകാതെ പൂർത്തിയാകും.
കടലിന്റെ സംഗീതം
ശംഖുംമുഖം തീരത്താണ് സ്ത്രീകളുടെയും കുട്ടികളുടെയും സംഗീത പരിപാടികൾ അരങ്ങേറുന്നത്. തീരം നഷ്ടമായതോടെ ശംഖുംമുഖത്തിന്റെ പഴയ പ്രൗഢിയില്ലാതായെങ്കിലും കരോക്കേ ഗാനമേളയും കാവ്യാലാപനവുമെല്ലാം തീരത്തിന് പുതുജീവനേകി. ചരടുകൾ പിടിച്ച് കറക്കി പാട്ടുകൾ പാടി നൃത്തം ചെയ്യുന്ന ചരടുപിന്നിക്കളി കുട്ടികൾക്കും കൗതുകമായി. ഒരുകാലത്ത് കാണികൾ ആകാംക്ഷയോടെ കേട്ടിരുന്ന കഥാപ്രസംഗമായിരുന്നു ഗാന്ധിപാർക്കിലെ ഹൈലൈറ്റ്.അടവും ചുവടും പയറ്റിയ യോദ്ധാക്കൾ മ്യൂസിയം കോമ്പൗണ്ടിൽ കളരിപ്പയറ്റുമായി എത്തി.
വെള്ളായണി കായലോരത്ത് ഓണപ്പാട്ടുകൾ ഓളം തല്ലി. നെടുമങ്ങാട്ടും നെയ്യാറ്റിൻകരയിലും ആറ്റിങ്ങലിലും വെള്ളാറും വർക്കലയിലും വിവിധ കലാപരിപാടികൾ അരങ്ങേറി.ഈ മാസം 9 വരെയാണ് ഓണം വാരാഘോഷം നടക്കുന്നത്.
റീലോണം
സമൂഹമാദ്ധ്യമങ്ങളും സർക്കാരിന്റെ ഓണാഘോഷത്തെ എതിരേറ്റുകഴിഞ്ഞു. കനകക്കുന്ന് കേന്ദ്രീകരിച്ചാണ് കൂടുതൽ വീഡിയോകളും ചിത്രീകരിച്ചിട്ടുള്ളത്. 'ഇതിനെ വെല്ലുന്ന ഒരു ഓണാഘോഷം കാണിച്ചുതരാൻ വേറെ ഏതെങ്കിലും നാട്ടുകാർക്ക് പറ്റുമോ' എന്നാണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന റീലുകൾക്ക് നൽകുന്ന ക്യാപ്ഷൻ. അക്വേറിയം, വിവിധ ജില്ലകളുടെ ഉത്പന്നങ്ങളുടെ പ്രദർശനം എന്നിവയും കനകക്കുന്നിലുണ്ട്.