കത്തി വീശി ആക്രമിക്കാൻ ശ്രമിച്ച ഗുണ്ട അറസ്റ്റിൽ

Friday 05 September 2025 1:42 AM IST

കയ്പമംഗലം: പണം ആവശ്യപ്പെട്ടത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കത്തി വീശി ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഗുണ്ട അറസ്റ്റിൽ. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ പ്രാൺ എന്നു വിളിക്കുന്ന ജിനേഷിനെയാണ് (34) തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പുളിഞ്ചോട് സെന്ററിൽ എടത്തിരുത്തി മേപ്പുറം പറശ്ശേരി വീട്ടിൽ വിനീഷ് പലചരക്ക് സാധനങ്ങൾ വാങ്ങാൻ വന്ന സമയത്ത് പ്രതി പണം ആവശ്യപ്പെടുകയും പണം കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിൽ അരയിലിരുന്ന കത്തിയെടുത്ത് ആക്രമിക്കാൻ വന്നപ്പോൾ വിനീഷ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ്. ജിനേഷ് വലപ്പാട്, കയ്പമംഗലം, മതിലകം പൊലീസ് സ്റ്റേഷൻ പരിധികളിലായി 32 ക്രിമിനൽ കേസിൽ പ്രതിയാണ്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു രാധാകൃഷ്ണൻ, എസ്.ഐ ടി.അഭിലാഷ്, ജി.എസ്.ഐ ജെയ്‌സൺ, ജി.എ.എസ്.ഐമാരായ വിപിൻദാസ്, സുധീഷ് ബാബു, ജി.എസ്.സി.പി.ഒ സുനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.