വീണ്ടെടുക്കേണ്ട മാവേലി
'ഓണത്തപ്പാ കുടവയറാ എന്നാ പോലും തിരുവോണം? നാളേയ്ക്കാണേ തിരുവോണം, നാക്കിലയിട്ടു വിളമ്പേണം...!" ഓണക്കാലത്ത് പതിവായി കേൾക്കാറുള്ള നാടൻപാട്ടാണ് ഇത്. ആദ്യ കേൾവിയിൽത്തന്നെ, ഓണത്തപ്പനായ മാവേലി ഒരു കുടവയറനാണെന്ന് അടിവരയിട്ടു പറയുന്ന ഈ പാട്ടിന് പ്രേരകമായ ചിന്ത ഏതെന്നറിയില്ല. കാണാൻ തുടങ്ങിയ കാലംതൊട്ട് മാവേലി സങ്കല്പത്തിൽ തെളിയുന്നത് ചെമ്പുകുടം കമഴ്ത്തിയ പോലെ കുംഭയുള്ള ഒരാളെയാണ്. കുടവയർ, കൊമ്പൻ മീശ, പുറത്തേക്ക് ഉന്തിയ കണ്ണുകൾ, ഓലക്കുട ഇത്യാദികളില്ലെങ്കിൽ മാവേലിക്ക് പൂർണതയില്ലെന്നാണ് മിക്കവരുടെയും തോന്നൽ. പ്രജാക്ഷേമ തത്പരനും യുദ്ധനിപുണനും അഴകാർന്ന ശരീരത്തിന് ഉടമയുമെന്ന് പുരാണം പറയുന്ന മഹാബലി എന്നു മുതലാണ് മലയാളികൾക്ക് ഹാസ്യ കഥാപാത്രമായി മാറിയത് ?
ഒരു മിത്തിലൂടെ ഒരായിരം നന്മകളെ തിരിച്ചുപിടിക്കുകയെന്ന വിശാല ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ഓണക്കഥയും മാവേലി രാജ്യവും ജനമനസുകളെ പുതുക്കിപ്പണിയണമെന്നിരിക്കെ, അതിലും ഫലിതം ആരോപിച്ച് ഊറിച്ചിരിക്കാനാണ് നാം തയ്യാറായത്. അതിന്റെ ദൂരവ്യാപകമായ ഫലങ്ങൾ പിന്നീട് നമ്മെത്തന്നെ വേട്ടയാടുകയുമുണ്ടായി. ചിങ്ങപ്പിറവി തൊട്ട് കന്നിയൊടുങ്ങും വരെ ഓണോത്സവ വേളകളിലും ഘോഷയാത്രകളിലും വരെ 'വയറൻ മാവേലി"മാർ നിറഞ്ഞുകാണാനാകും. ഒരാളുടെ അറിവില്ലായ്മയുടെ അഥവാ ഒരു കാലഘട്ടത്തെ സുബോധത്തോടെ വികലമാക്കലിന്റെ തനിയാവർത്തനമെന്നോണം അതിപ്പോഴും തുടരുന്നു.
ഒരു മിത്തും
കഥകളും മലയാളിയുടെ ദേശീയോത്സവമായ ഓണത്തിന് നിദാനമായ കഥ പോലെ ഇത്രയ്ക്ക് ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായ മറ്റൊരു മിത്ത് ഉണ്ടാകില്ല. പ്രജകളുടെ ക്ഷേമം ലക്ഷ്യമാക്കി രാജ്യഭരണം നടത്തിയ നീതിമാനായ രാജാവിനെയാണ് ഉല്പത്തി കഥയിൽ കാണുന്നത്. കള്ളവും ചതിവും കള്ളത്തരങ്ങളുമില്ലാത്തതുമായ ഒരു മഹിത ഭൂമി. ഒരിക്കൽ നർമ്മദാ നദിക്കരയിൽ വിശ്വജിത്ത് യാഗം നടത്തുകയായിരുന്ന മാവേലിയെ വാമന വേഷത്തിലെത്തിയ മഹാവിഷ്ണു മൂന്നടി മണ്ണ് ദാനമായി ലഭിച്ചതിന്റെ പഴുതിൽ സുതലത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നതാണ് കേരളത്തിൽ തലമുറകൾ കൈമാറിയ കഥ.
പ്രജകളോടുള്ള അമിത പ്രേമത്താൽ വിഷ്ണുവിന്റെ അനുമതിയോടെ ചിങ്ങത്തിരുവോണ നാളിൽ തമ്പുരാൻ ഇവിടെയെത്തുമ്പോൾ ജനം സാമോദം നൽകിവരുന്ന സ്വീകരണം ഓണമായി പരിണമിച്ചു എന്നതാണ് കഥയുടെ സാരം. കഥാതന്തു ഏതാണ്ട് ഇതൊക്കെത്തന്നെയാണെങ്കിലും ശ്രീമദ് ഭാഗവതം മറ്റൊരു നിലയിലാണ് ഇത് വരച്ചുകാട്ടുന്നത്. ഭാഗവത കഥയിലെ പ്രതലം കേരളമല്ല താനും.
ചതിയുടെ
പാതാളം
ഭാഗവതം അഷ്ടമ സ്‌കന്ദത്തിലെ 15 മുതൽ 23 വരെ അദ്ധ്യായങ്ങളിൽ പരാമർശിച്ചു കാണുന്ന കഥ പ്രകാരം മഹാബലിയുടെ ജീവിതത്തിലെ വിധിനിർണായകമായ സംഭവം നടക്കുന്നത് അങ്ങ് ഉത്തരദേശത്താണ്. അസുരാധിപനായ ബലിയെ ഭക്തോത്തമനായ പ്രഹ്ലാദന്റെ പൗത്രനായാണ് കഥയിൽ പരാമർശിച്ചു കാണുന്നത്. പരീക്ഷിത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരമായി ശ്രീശുക മഹർഷിയാണ് മാവേലിക്കഥ വിവരിക്കുന്നത്. ദേവാസുര യുദ്ധ വേളകളിൽ മിക്കപ്പോഴും അസുര പക്ഷത്തെ നയിച്ചിരുന്നത് ശക്തിമാനും സുന്ദരനും ചാന്ദ്ര ശോഭയുള്ളവനുമായ മഹാബലിയാണെന്ന് ഭാഗവതം വ്യക്തമാക്കുന്നു.
അസുര ഗുരു ശുക്രാചാര്യരുടെ അടക്കമുള്ള ഗുരു പരമ്പരയുടെ അനുഗ്രഹങ്ങൾ വേണ്ടുവോളം ലഭിച്ച മഹാബലി ഒരു വേള സ്വർഗാധിപനായി ഇന്ദ്രപട്ടത്തിൽ വരെ ശോഭിച്ചു. കൂടുതൽ ബലവാനാകാനുളള യാഗവേളയിലാണ് ആദ്യം സൂചിപ്പിച്ച സംഭവബഹുലമായ കഥ നടക്കുന്നത്. നേരിട്ട് എതിരിട്ടാൽ ആർക്കും തോൽപ്പിക്കാനാവാത്ത ബലിയെ ഇന്ദ്രാദി ദേവകൾക്കു വേണ്ടി വിഷ്ണു ചതിപ്രയോഗത്തിലൂടെ പാതാള ലോകത്തേക്ക് അയയ്ക്കുകയായിരുന്നു എന്നാണ് ഇതു സംബന്ധിച്ച പരാമർശങ്ങളെല്ലാം അടിവരയിടുന്നത്.
വാമനാവതാരത്തെയും പരശുരാമ അവതാരത്തെയും കാലഗണനകൊണ്ട് ഖണ്ഡിച്ച് ഓണത്തിന് ആസ്പദമായ കഥയ്ക്ക് മറുവാദം ചമയ്ക്കുന്നവരുണ്ട്. എന്നാൽ പ്രജാക്ഷേമത്തിൽ താത്പര്യമേറിയ ഒരു രാജാവ് കേരളം ഭരിച്ചിരുന്നതായും അവിടെയാണ് ഓണാഘോഷത്തിന്റെ വേരുകൾ പടർന്നിരിക്കുന്നതെന്നും വിശ്വസിക്കുന്നവരും ഏറെയാണ്. ചേര സാമ്രാജ്യത്തിലേക്കാണ് ആ വിശ്വാസവഴി എത്തിച്ചേരുന്നത്.
ചേര രാജാവോ
മഹാബലി?
തൃക്കാക്കര ക്ഷേത്രമായിരുന്നു ആഘോഷ വേദി. പഴയകാല ഓണോത്സവത്തിൽ സാമ്രാജ്യത്തിലെ 56 നാട്ടുരാജ്യങ്ങളും സാമന്തന്മാരും പ്രഭുക്കളും പങ്കെടുത്തിരുന്നതായി പറയുന്നു. എന്നാൽ ഇതിന് ഭംഗം വന്നപ്പോൾ ആഘോഷം വീടുകളിൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു. അന്നുതൊട്ട് തൃക്കാക്കരയപ്പന്റെ മൺവിഗ്രഹം വീടുകളിൽ പൂജിക്കാൻ തുടങ്ങി. കാലാന്തരത്തിൽ കെട്ടും മട്ടും മാറി, പല രൂപത്തിൽ ഓണം മലയാളികൾ ഉള്ളിടത്തെല്ലാം വ്യാപിച്ചു. ഒരുപക്ഷേ ചേര സാമ്രാജ്യത്തിലെ കരുത്തുറ്റ രാജാവിനെ മാവേലിക്കഥയിലൂടെ വിശ്വാസ വഴിയിൽ അവതരിപ്പിക്കുകയായിരുന്നു എന്ന വാദത്തിന് ബലം കൂടും.
ഓണത്തിന് ആസ്പദമായ കഥ ഏതായാലും അതിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളെ യുക്തിക്കു നിരക്കുന്ന നിലയിൽ അവതരിപ്പിക്കേണ്ടതുണ്ടെന്ന വാദം ഇപ്പോൾ ശക്തമാവുകയാണ്. മാവേലി ഇന്നത്തെ നിലയിൽ വികലമായ അവതരണത്തിന്നു വിധേയനായിട്ട് ഏതാണ്ട് മൂന്നര പതിറ്റാണ്ടേ ആയിട്ടുള്ളൂ. പരസ്യ വിപണി സജീവമായതോടെയാണ് ഈ അട്ടിമറി. തങ്ങളുടെ ഉല്പന്നം വിറ്റഴിക്കാൻ തങ്ങൾക്കിണങ്ങുന്ന മാവേലി രൂപം എന്ന മട്ടിലായി ചിത്രീകരണങ്ങൾ. ഇത്തരം നിർമ്മിതികൾ അസഹനീയമായി തോന്നിയ തിരുവിതാംകൂർ ഇളമുറത്തമ്പുരാനായ ശ്രീ ഉത്രം തിരുനാൾ തന്റെ ഭാവനയിലുള്ള വീരപുരുഷനായ മാവേലിക്ക് ഒരു ചിത്രകാരന്റെ സഹായത്തോടെ ജീവൻ നൽകിയിരുന്നു.
എന്നാലും ഓണമെത്തുമ്പോൾ പരിഹാസച്ചിരിക്ക് വക നൽകുന്ന മാവേലിയെത്തന്നെയാണ് മലയാളി വീണ്ടെടുക്കുന്നത്. ഇതാകട്ടെ, ഒരു കാലഘട്ടത്തിൽ നിന്നുള്ള മടക്കവും പുതുതലമുറയുടെ മുന്നിലേക്കിട്ടു കൊടുക്കുന്ന ചരിത്രത്തിന്റെ വികലമായ ആഖ്യാനവുമാണ്. ഇതിനെതിരായ പ്രതിരോധവും യാഥാർത്ഥ്യത്തിന്റെ വീണ്ടെടുപ്പുമാകണം ഓണം നൽകുന്ന യഥാതഥമായ സന്ദേശം.