മരിച്ചവരുടെ നാവായി മാറിയ ഡോക്ടർ
മരിച്ചവർക്ക് പറയാൻ കഴിയാതെ പോയ സത്യങ്ങൾ, അല്ലെങ്കിൽ അവർ ഒളിച്ചുവെച്ച നേരുകൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ പ്രശസ്ത ഫോറൻസിക് ഡോക്ടർ ഷെർളി വാസു യാത്രയാകുമ്പോൾ കുറ്റാന്വേഷണ ചരിത്രത്തിന്റെ ഒരദ്ധ്യായം കൂടിയാണ് മറയുന്നത്. സ്ത്രീകൾ അധികം കടന്നുവരാത്ത ഫോറൻസിക് മേഖലയെ ധെെര്യസമേതം മെരുക്കിയെടുത്ത് മരിച്ചവരുടെ നാവായി അവർ മാറി. ആയിരത്തിലധികം പോസ്റ്റുമോർട്ടങ്ങൾ നടത്തിയ ഡോക്ടറുടെ കേസ് ഫയലുകളിലൂടെ പ്രമാദമായ എത്രയോ കുറ്റകൃത്യങ്ങളാണ് ചുരുളഴിഞ്ഞത്.
സൗമ്യ കേസുൾപ്പെടെ ഏറെ കോളിളക്കമുണ്ടാക്കിയ കേസുകളിൽ നിർണായകമായ തെളിവുകൾ കണ്ടെത്താൻ ഡോ. ഷെർളി വാസുവിന്റെ ഫോറൻസിക് വൈദഗ്ദ്ധ്യം പൊലീസിനെ സഹായിച്ചിട്ടുണ്ട്. ഇരുചെവിയറിയാതെ കുഴിച്ചു മൂടപ്പെട്ട നിരവധി കേസുകളും പുറം ലോകമറിഞ്ഞു. ഓരോ കേസുകളിലും തുമ്പുണ്ടാകും വരെ രാപ്പകൽ ഭേദമന്യേ അവർ കഠിനാദ്ധ്വാനം ചെയ്തു. പഠിച്ചും വിശകലനം ചെയ്തും ഡോ. ഷെർളി വാസു നടത്തിയ കണ്ടെത്തലുകൾ അത്രയ്ക്കും സൂക്ഷ്മമായിരുന്നു. 'പോസ്റ്റുമോർട്ടം ടേബിൾ " എന്ന സ്വന്തം കൃതിയിൽ തന്റെ ജീവിതാനുഭവങ്ങൾ അവർ അടയാളപ്പെടുത്തുന്നുണ്ട്. സംവിധായകൻ പദ്മരാജന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോഴുണ്ടായ വൈകാരിക അനുഭവം ആരാധിക കൂടിയായ ഡോക്ടർ തന്റെ അനുഭവക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നൂറുകണക്കിന് വിദ്യാർത്ഥികളെ ഫോറൻസിക് പഠനത്തിൽ വിദഗ്ദ്ധരാക്കിയാണ് മെഡിക്കൽ കോളേജിൽ അദ്ധ്യാപികയുമായിരുന്ന ഡോ. ഷെർളി വാസുവിന്റെ അപ്രതീക്ഷിത മടക്കം. കേരളത്തെ നടുക്കിയ നിഷ്ഠൂരമായ കുറ്റകൃത്യമായിരുന്നു സൗമ്യ വധം. കേസിൽ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിയിലേക്ക് അന്വേഷണം എത്തിയതിൽ ഡോ. ഷെർളി വാസുവിന്റെ ശാസ്ത്രീയ കണ്ടെത്തലുകൾ നിർണായകമായിരുന്നു. പിന്നീട് കേസിന്റെ പല ഘട്ടങ്ങളിലും സൗമ്യയുടെ നീതിയ്ക്കായി അവർ നിലകൊണ്ടു. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയപ്പോൾ സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകന് വീഴ്ചപറ്റിയെന്ന് അവർ തുറന്നടിച്ചു. കഴിഞ്ഞ ദിവസം ഗോവിന്ദചാമി ജയിൽ ചാടിയപ്പോഴും ഡോക്ടർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ ജീവിതത്തിൽ ഗോവിന്ദച്ചാമിയോളം പോന്നൊരു ക്രിമിനലിലെ കണ്ടിട്ടില്ലെന്നും അങ്ങനെയൊരാളെ ജയിലിൽ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അവർ പറഞ്ഞു.
കാസർകോട് കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തു–അയിഷ ദമ്പതികളുടെ മകൾ 13കാരി സഫിയയുടെ കൊലപാതകം തെളിയിക്കുന്നതിലും അന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷെർളി വാസുവിന്റെ പരിശോധന ഫലം നിർണായകമായിരുന്നു. 18 വർഷത്തിനുശേഷം തലയോട്ടി മാത്രമായി വീട്ടുകാർ സഫിയയുടെ മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കേരളത്തെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ കാഴ്ചയായിരുന്നു. മൃതദേഹം ഇല്ലെങ്കിലും കേസ് തെളിയിക്കാനാവുമെന്ന് ഷെർളി വാസു തെളിയിച്ചിട്ടുണ്ട്. മാന്നാർ കല കൊലക്കേസ് അതിനൊരു ഉദാഹരണം മാത്രം. മൃതദേഹം അഴുകി മണ്ണിൽ ചേർന്നതിനാൽ വസ്ത്രത്തിന്റെ ഇലാസ്റ്റിക്, അസ്ഥിയുടെ ഭാഗം തുടങ്ങിയവയിൽ നിന്ന് പ്രതികളിലേക്കെത്തി. ചേകന്നൂർ മൗലവി കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ കഴിഞ്ഞത് ഡോക്ടറുടെ പരിശ്രത്തിന്റെ മറ്റൊരു ഉദാഹരണം. അങ്ങനെ തന്റെ ഔദ്യോഗിക ജീവിതത്തിൽ പല കുറ്റകൃത്യങ്ങളുടെയും ചുരുളഴിച്ച മിടുക്കിയായ ഫോറൻസിക് സർജനാണ് അപ്രതീക്ഷിതമായി യാത്രയാകുന്നത്.