ഉത്രാട ദിനത്തിൽ ഗുരുവായൂരപ്പന് തിരുമുൽക്കാഴ്ചയായി കാഴ്ചക്കുല സമർപ്പണം
കാർഷിക സമൃദ്ധിയുടെ നിറവിൽ ചിങ്ങമാസത്തിലെ ഉത്രാട നാളിൽ ഗുരുവായൂരപ്പന് മുന്നിൽ ഭക്തർ കാഴ്ച്ചക്കുല സമർപ്പിച്ചു. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിൽ കാഴ്ച്ചക്കുല സമർപ്പണം. കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞ് നാക്കില വെച്ചതിൽ മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങിയത്. രണ്ടായിരത്തിലധികം കാഴ്ച്ചക്കുലകളാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു.
നൂറുക്കണക്കിന് ഭക്തർ ഭഗവാന് കാഴ്ചക്കുല സമർപ്പിച്ചു ദർശനസായൂജ്യം നേടി. കാഴ്ചയർപ്പിച്ച കുലകളിലെ ഒരു ഭാഗം പഴങ്ങൾ ഇന്ന് തിരുവോണസദ്യയ്ക്കുള്ള പഴപ്രഥമനായി മാറ്റിവെച്ചു. ഒരു ഭാഗം ദേവസ്വത്തിന്റെ ആനകൾക്ക് നൽകി.